''കൊടുംതണുപ്പ് സഹിച്ചും രാജ്യത്തിന് വേണ്ടി അശ്രാന്തപരിശ്രമം നടത്തുന്ന, അതിർത്തി കാക്കുന്ന ധീരജവാൻമാർക്ക് ഞങ്ങളുടെ നന്ദിയുടെ പ്രതീകം'' - സിയാച്ചിനിലെ സൈനികർക്ക് ചൂടുപിസ നൽകി പിസ കമ്പനി.
സിയാച്ചിനിൽ: റിപ്പബ്ലിക് ദിനത്തിൽ എല്ല് കോച്ചുന്ന തണുപ്പത്ത് ഡ്യൂട്ടി ചെയ്തിരുന്ന സൈനികർക്ക് ഇന്നൊരു സർപ്രൈസ് സമ്മാനം കിട്ടി. നല്ല ചൂടൻ പിസ! പിസ കമ്പനിയായ ഡോമിനോസാണ് സിയാച്ചിനിലെ സൈനികർക്ക് ചൂട് പിസയുണ്ടാക്കി എത്തിച്ചത്.
''കൊടുംതണുപ്പ് സഹിച്ചും രാജ്യത്തിന് വേണ്ടി അശ്രാന്തപരിശ്രമം നടത്തുന്ന, അതിർത്തി കാക്കുന്ന ധീരജവാൻമാർക്ക് ഞങ്ങളുടെ നന്ദിയുടെ പ്രതീകമാണിത്'' - പിസ ബോക്സുമായി നിൽക്കുന്ന സൈനികരുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്ത് ഡോമിനോസ് പറഞ്ഞു.
ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് സിയാച്ചിൻ. സമുദ്രനിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിലാണ് നിൽപ്. ശീതകാലത്ത് മൈനസ് 60 ഡിഗ്രി വരെ ഇടിയാറുണ്ട് ഇവിടത്തെ താപനില.
ഡോമിനോസിന്‍റെ സ്നേഹസമ്മാനത്തെ അഭിനന്ദിക്കാൻ സോഷ്യൽ മീഡിയയും മറന്നില്ല. പിസ എത്തിച്ച കമ്പനിക്ക് നിരവധിപ്പേരാണ് ട്വിറ്ററിൽ സ്നേഹം അറിയിച്ചത്.
