നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ​പരിക്ക് വകവയ്ക്കാതെ ലീവ് റദ്ദാക്കി തിരികെ ജോലിയിൽ പ്രവേശിച്ച് കർമ്മനിരതനാകുകയാണ് ബ്രി​ഗേഡിയർ‌ ഹർബിർസിം​ഗ്. 

ശ്രീന​ഗർ: പുൽവാമയിലെ ഭീകരാക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു മേജറടക്കം മൂന്ന് സൈനികരും ഒരു പൊലീസ് ഉദ്യോ​ഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ​പരിക്ക് വകവയ്ക്കാതെ ലീവ് റദ്ദാക്കി തിരികെ ജോലിയിൽ പ്രവേശിച്ച് കർമ്മനിരതനാകുകയാണ് ബ്രി​ഗേഡിയർ‌ ഹർബിർസിം​ഗ്. തിങ്കളാഴ്ച പുൽവാമിൽ ജെയ്ഷെ ഭീകരരുമായി നടന്ന ഏറ്റമുട്ടലിൽ ഹ​ർബിർ സിം​ഗിന് പരിക്കേറ്റിരുന്നു. 

ഭീകരർക്കെതിരെയുള്ള ആക്രമണം ഇപ്പോഴും പുൽവാമയിൽ തുടർന്നു കൊണ്ടിരിക്കുകയാണ്. ഏറ്റുമുട്ടലിൽ പരിക്കേറ്റ സിം​ഗ് വീട്ടിൽ വിശ്രമത്തിലായിരുന്നു. ഈ വിവരം അറിഞ്ഞ ഉടൻ തന്നെ ലീവ് റദ്ദാക്കി ഹർബിർ സിം​ഗ് ജോലിയിൽ തിരികെയെത്താൻ സന്നദ്ധത അറിയിച്ചു. ലഫ്റ്റനന്റ് ജനറൽ കെജെഎസ് ധില്ലൻ പറഞ്ഞതായി എൻഡി ടിവി റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 14 ന് നടന്ന ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരരെന്ന് കരുതപ്പെടുന്ന മൂന്ന് ഭീകരരനെ ഇല്ലാതാക്കാൻ സാധിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. 

ബ്രി​ഗേഡിയർ സിം​ഗ് നേരിട്ട് യുദ്ധമുഖത്തേയ്ക്കാണ് എത്തിയത്. മുന്നിൽ നിന്ന് സൈന്യത്തെ നയിക്കുന്ന ഉദ്യോ​ഗസ്ഥരിൽ ഒരാൾ സിം​ഗാണ്. പരിക്കേറ്റ നിരവധി സൈനികോദ്യോ​ഗസ്ഥർ ഇപ്പോഴും ഭീകരരുമായുള്ള ഏറ്റമുട്ടലിൽ സജീവമാണെന്നും ലഫ്റ്റനന്റ് ജനറൽ ധില്ലൻ വ്യക്തമാക്കി. മേജർ വി എസ് ദൗണ്ഡിയാൽ ഉൾപ്പെടെ മൂന്ന് സൈനികരും ഒരു പൊലീസ് ഉദ്യോ​ഗസ്ഥനും തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണത്തിലും ഏറ്റുമുട്ടലിലും പരിക്കേറ്റ നിരവധി സൈനികർ ഇപ്പോഴും ചികിത്സയിലാണ്. മിക്ക ഉദ്യോ​ഗസ്ഥരും ചെറിയ പരിക്കുകൾ അവ​ഗണിച്ച് ഇപ്പോഴും യുദ്ധമുഖത്ത് സജീവമായി നിലകൊളള്ളുന്നുണ്ട്. 

പുൽവാമ ഭീകരാക്രമണത്തിൽ തിരിച്ചടിക്കാൻ സൈന്യത്തിന് സർവ്വ സ്വാതന്ത്ര്യവും നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് സൈന്യം തിരിച്ചടിക്കുന്നതെന്നും ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലങ്ങളിലേക്ക് ജനങ്ങൾ വരരുതെന്നും ലഫ്റ്റനന്റ് ജനറൽ ധില്ലൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.