Asianet News MalayalamAsianet News Malayalam

ആരാണ് യോഗി ആദിത്യനാഥ്..?

some facts to Know About Yogi Adityanath  the Next UP CM
Author
First Published Mar 18, 2017, 9:50 AM IST

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം യോഗി ആദിത്യ നാഥിനെ ഏല്‍പ്പിക്കുക വഴി തീവ്രഹിന്ദുത്വ നിലപാടുകള്‍ക്ക് ബി.ജെ.പി പരസ്യമായി അംഗീകാരം നല്‍കുക കൂടിയാണ്. 44 വയസുകരാനായ യോഗി ആദിത്യനാഥ് 1988 മുതല്‍ തുടര്‍ച്ചായായി എം.പിയാണെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ എക്കാലവും അറിയപ്പെട്ടത് തീവ്രസ്വഭാവത്തിലുള്ള പ്രസംഗങ്ങളുടെ പേരിലായിരുന്നു. മുന്നോക്ക രജപുത് വിഭാഗക്കാരനായ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ, ലക്നൗ മേയര്‍ ദിനേശ് ശര്‍മ്മ എന്നിവരെ ഉപമുഖ്യമന്ത്രിയാക്കുക വഴി  ജാതി സമവാക്യങ്ങളും ബി.ജെ.പി കൃത്യമായി പാലിച്ചിരിക്കുകയാണ്. 

ആരാണ് യോഗി ആദിത്യനാഥ്

  1. ഗോരഖ്പൂരില്‍ നിന്നുള്ള ദീര്‍ഘകാല പാര്‍ലമെന്റ് അംഗമായ യോഗി ആദിത്യനാഥ് ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ കൂടിയാണ്. 1998ല്‍ വെറും 26 വയസ് പ്രായമുള്ളപ്പോഴാണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. 12ാം ലോക്സഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ എം.പിയായിരുന്നു അദ്ദേഹം.
  2. വികസന മുദ്രാവാക്യങ്ങളില്‍ പൊതിഞ്ഞ ഹിന്ദുത്വ അജണ്ടയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ പ്രചാരകനായിരുന്നു അദ്ദേഹം
  3. ഇത്തവണത്തെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും സ്റ്റാര്‍ മൂല്യമുള്ള പ്രചാരകനായിരുന്നു യോഗി ആദിത്യനാഥ്
  4. 2002ല്‍ യോഗി ആദിത്യനാഥ് രൂപം കൊടുത്ത സംഘടനയാണ് ഹിന്ദുത്വ യുവ വാഹിനി. നിരവധി കലാപങ്ങളിലും പശു സംരക്ഷണം മറയാക്കി നടത്തിയ ആക്രമണങ്ങളിലും ലൗവ് ജിഹാദിന്റെ പേരില്‍ നടത്തിയ ആക്രമണങ്ങളിലും മുന്‍നിരയിലുണ്ടായിരുന്ന സംഘമാണ് ഹിന്ദുത്വ യുവവാഹിനി
  5. എച്ച്.എന്‍.ബി ഗര്‍വാള്‍ സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് അജയ് സിങ് ഭിഷ്ട് എന്നാണ്.

    some facts to Know About Yogi Adityanath  the Next UP CM

ദേശീയ രാഷ്ട്രീയത്തില്‍ പോലും വിമര്‍ശനങ്ങളേറ്റുവാങ്ങിയ യോഗി ആദിത്യനാഥിന്റെ പരാമര്‍ശങ്ങളില്‍ ചിലത്

  1. ന്യൂനപക്ഷങ്ങള്‍ക്കെതിരെ: ''സമാജ്‍വാദി പാര്‍ട്ടിയുടെ രണ്ടര വര്‍ഷത്തെ ഭരണത്തിനിടയില്‍ പടിഞ്ഞാറന്‍ യു.പിയില്‍ 450 കലാപങ്ങളാണ് ഉണ്ടായത്. ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യ നിരവധി മടങ്ങ് വര്‍ദ്ധിച്ചതാണ് അതിന് കാരണം. തെക്കന്‍ യു.പിയില്‍ കലാപങ്ങളില്ലത്തത് എന്തുകൊണ്ടാണ്? നിങ്ങള്‍ക്ക് കാരണം മനസിലാവും. ന്യൂനപക്ഷങ്ങള്‍ 10 മുതല്‍ 20 ശതമാനം വരെ മാത്രമുള്ള സ്ഥലങ്ങളില്‍ വളരെ ചെറിയ തോതില്‍ കലാപങ്ങളുണ്ടാവുന്നു. അവര്‍ 20 മുതല്‍ 35 ശതമാനം വരെ ഉള്ള സ്ഥലങ്ങളില്‍ കുറച്ചുകൂടി വലിയ കലാപങ്ങളുണ്ടാകുന്നു. 35 ശതമാനത്തിന് മുകളില്‍ അവര്‍ ഉള്ള സ്ഥലങ്ങളിലൊന്നും മുസ്ലിംകളല്ലാത്തവര്‍ക്ക് ജീവിക്കാനേ കഴിയില്ല''
  2. പലായനത്തെക്കുറിച്ച്: ''യോഗ്യ ഇന്നത്തെ കാര്യങ്ങളെ കുറിച്ചല്ല സംസാരിക്കുന്നത്. യോഗി സംസാരിക്കന്നത് ഭാവിയെക്കുറിച്ചാണ്. പലായനം ഞങ്ങള്‍ക്ക് ഒരു വലിയ വിഷയം തന്നെയാണ്. വടക്കന്‍ യു.പിയെ മറ്റൊരു കശ്മീര്‍ ആക്കാന്‍ ‍ഞങ്ങള്‍ക്ക് താത്പര്യമില്ല.''
  3. മദര്‍തെരേസക്കെതിരെ: ''ഇന്ത്യന്‍ ക്രിസ്ത്യന്‍ വത്കരിക്കാനുള്ള വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു മദര്‍ തെരേസ. സേവനത്തിന്റെ പേരില്‍ ഹിന്ദുക്കളെ മതം മാറ്റുകയായിരുന്നു അവര്‍''
  4. യോഗയെക്കുറിച്ച്: ''മഹാദേവന്‍ ഈ രാജ്യത്തെ ഒരോ കണികയിലും കുടികൊള്ളുന്നുണ്ട്. യോഗ വേണ്ടാത്തവര്‍ ഇന്ത്യ വിട്ടുപോകണം''
  5. ഷാരുഖ് ഖാനെക്കുറിച്ച്: ''ജനങ്ങള്‍ അദ്ദേഹത്തിന്റെ സിനിമ ബഹിഷ്കരിച്ചാല്‍ ഒരു സാധാരണ മുസ്ലിമിനെ പോലെ ഷാരുഖ് ഖാനും തെരുവില്‍ അലയേണ്ടി വരും. തീവ്രവാദികളുടെ ഭാഷയാണ് ഇത്തരക്കാര്‍ക്ക്. ഹാഫിസ് സഈദിന്റെയും ഷാരുഖ് ഖാന്റെയും ഭാഷകള്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല.''
     
Follow Us:
Download App:
  • android
  • ios