ഏറ്റവും കൂടുതല്‍ സെല്‍ഫ് ഗോളുകള്‍ പിറന്ന ലോകകപ്പ് 

മോസ്കോ: ലോകകപ്പിന്‍റെ ആവേശം ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുന്നു. ഇനി ചെറിയ മത്സരങ്ങളൊന്നും കാണില്ല, എല്ലാം വലിയ പോരാട്ടങ്ങള്‍ മാത്രം. ഗ്രൂപ്പ് ഘട്ടവും പ്രീക്വാര്‍ട്ടറും കടന്നപ്പോള്‍ വര്‍ഷങ്ങളായി തിരുത്തപ്പെടാതെ നിന്ന പല റെക്കോര്‍ഡുകളും റഷ്യയില്‍ കടപുഴകി കഴിഞ്ഞു. ചരിത്രത്താളുകളില്‍ ഓര്‍മിക്കാന്‍ ഇഷ്ടമുള്ളതും അല്ലാത്തതുമായ പലതും കണക്ക് പുസ്കത്തില്‍ എഴുതപ്പെട്ടു. അതിലെ പ്രധാനപ്പെട്ട ചിലത് നോക്കാം.

28 - റഷ്യന്‍ ലോകകപ്പില്‍ ആകെ അനുവദിക്കപ്പെട്ട പെനാല്‍റ്റികളുടെ എണ്ണമാണ് 28. 2014ല്‍ ഇത് 13 മാത്രമായിരുന്നു. 2002 ലോകകപ്പില്‍ പിറന്ന 18 പെനാല്‍റ്റികളുടെ റെക്കോര്‍ഡാണ് വഴിമാറിയത്.

23- കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ 23 ഗോളുകളാണ് റഷ്യയില്‍ പിറന്നത്. 10 സ്റ്റോപ്പേജ് ടെെം ഗോളുകള്‍ വീണ 1998 ലോകകപ്പിനെയാണ് പിന്തള്ളിയത്. 

10- ഗ്രൂപ്പ് ഘട്ടവും പ്രീക്വാര്‍ട്ടറും കഴിയുമ്പോള്‍ 10 സെല്‍ഫ് ഗോളുകളാണ് റഷ്യയില്‍ ദുരന്തമായി മാറിയത്.

7 - ലോകകപ്പിലെ ആകെ നല്‍കിയ ഇഞ്ചുറി ടെെമിന്‍റെ ശരാശരി ഏഴു മിനിറ്റാണ്. നേരത്തേയുണ്ടായിരുന്നതിനെക്കാള്‍ 90 സെക്കന്‍ഡുകള്‍ അധികമാണിത്.

3 - പ്രീക്വാര്‍ട്ടറില്‍ വിജയിയെ നിശ്ചയിക്കാന്‍ 2018 ലോകകപ്പില്‍ ഷൂട്ടൗട്ട് വേണ്ടി വന്നത് മൂന്ന് മത്സരങ്ങളിലാണ്. ബ്രസീലില്‍ ഇത് രണ്ട് തവണയായിരുന്നു.

99 - ഇംഗ്ലണ്ടിനെതിരെ കൊളംബിയയുടെ യെറി മിന നേടിയ സൂപ്പര്‍ ഹെഡ്ഡര്‍ ലോകകപ്പ് ചരിത്രത്തിലെ 99-ാമത്തെ സ്റ്റോപ്പേജ് ടെെം ഗോളാണ്. 

1 - മൂന്ന് ഗോളുകള്‍ നേടിയിട്ടും ഒരു ടൂര്‍ണമെന്‍റ് മത്സരത്തില്‍ അര്‍ജന്‍റീന തോല്‍ക്കുന്നത് ആദ്യമായാണ്. 430 മത്സരം കളിച്ചതില്‍ ഫ്രാന്‍സിനോടാണ് അവര്‍ ആദ്യമായി ഇത്തരം തോല്‍വി വഴങ്ങിയത്.

2 - ഒരു ലോകകപ്പില്‍ രണ്ടു സെല്‍ഫ് ഗോള്‍ അടിക്കുന്ന രാജ്യമായി റഷ്യ മാറി. നേരത്തേ 1966ല്‍ ബള്‍ഗേറിയയും ഈ ദുരന്ത നേട്ടം പേരിലെഴുതിയിരുന്നു.