ദില്ലി: അയല്‍രാജ്യങ്ങളിലുള്ളവരുടെ കൈവശമുള്ള നിരോധിച്ച നോട്ടുകള്‍ മാറ്റി നല്‍കണമോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളിലുള്ളവരുടെ പക്കല്‍ നിരോധിച്ച 500, 1000 രൂപനോട്ടുകളുണ്ട്. ഇവ മാറ്റി നല്‍കുന്ന കാര്യത്തിലാണ് അന്തിമ തീരുമാനമാകാത്തത്. നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിക്കഴിഞ്ഞു.

എന്നാല്‍ അയല്‍രാജ്യങ്ങളില്‍ ഉള്ള നിരോധിച്ച നോട്ടുകള്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ്ഗാര്‍ഗ് ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയെ അറിയിച്ചിരുന്നു. എന്നാല്‍ എത്ര തുകയുടെ നിരോധിച്ച നോട്ടുകളാണ് ഇവിടെയുള്ളത് എന്നതില്‍ കൃത്യമായ കണക്കില്ല. ഇന്ത്യക്കാരുടെ പക്കലുള്ള ശേഷിക്കുന്ന നോട്ടുകള്‍ മാറ്റാന്‍ ഇനി അവസരം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തില്‍ അയല്‍രാജ്യങ്ങളിലുള്ളവരുടെ പക്കലുള്ള നോട്ടുകള്‍ മാറ്റിനല്‍കണമോ എന്നതാണ് ഉയരുന്ന ചോദ്യം.