Asianet News MalayalamAsianet News Malayalam

അടച്ചുപൂട്ടിയ അന്‍പതിലധികം ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുറന്നു

some off the closed beer and wine parlors opened in kerala
Author
First Published Apr 19, 2017, 3:52 PM IST

കൊച്ചി: സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചുപൂട്ടിയ അന്‍പതിലധികം ബിയര്‍ വൈന്‍ പാര്‍ലറകുള്‍ തുറന്നു. ഉടമകള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് അവധിക്കാല ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ദേശീയ സംസ്ഥാന പാതകള്‍ക്കരികിലുളള മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ്  സംസ്ഥാനത്തെ അറുനൂറോളം ബിയര്‍ വൈന്‍ പാര്‍ലറുകള്‍ പൂട്ടിയത്. ഇതിനെതിരെ ഉടമമകള്‍ വേവ്വേറെ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് ഉത്തരവനുസരിച്ച് കൂടുതലെണ്ണം തുറന്നിരിക്കുന്നത്. 

കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും നഗരമധ്യത്തിലുളള പല പാര്‍ലറുകള്‍ക്കും അനുമതി കിട്ടി.ദേശീയ സംസ്ഥാന പാതയല്ലെന്നും നഗരപാതകളാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ടെന്നുമുളള ഉടമകളുടെ വാദം അഗീകരിച്ചാണ് നഗരങ്ങളില്‍ അനുമതി കിട്ടിയത്. തിരുവനന്തപുരത്തടക്കം ചിലയിടങ്ങളില്‍ പുതിയ ബൈപ്പാസ് റോഡുകള്‍ വന്നെന്നും അതിനാല്‍ ദേശീയ സംസ്ഥാന പാതകളായി  വിജ്ഞാപനം ചെയ്ത റോഡുകളില്‍ ഇവ പെടുന്നില്ലെന്നുമുളള വാദവും അംഗീകരിക്കപ്പെട്ടു. 

കഴക്കൂട്ടം - കന്യാകുമാരി ദേശീയപാതയിലുളള അഞ്ച് ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി കിട്ടി. ചില കളളുഷാപ്പുകള്‍ക്കും ക്ലബുകള്‍ക്കും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവമുണ്ട്. എന്നാല്‍ വേനലവധിക്കുശേഷം കോടതി തുറക്കുമ്പോള്‍ ഇതിനെ ചോദ്യം ചെയ്ത് സത്യവാങ്മൂലം നല്‍കുമെന്ന് ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍  അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios