ക്വാര്‍ട്ടറിലെ ഏറ്റവും വലിയ പോരാട്ടമാണ് ബ്രസീലും ബെല്‍ജിയവും തമ്മിലുള്ളത്
മോസ്കോ: ലോകകപ്പിന്റെ ക്വാര്ട്ടര് മത്സരങ്ങളില് ഏറ്റവും വാശിയേറിയ പോര് നടക്കുക ബ്രസീലും ബെല്ജിയവും തമ്മിലാണ്. ശക്തരായ രണ്ടു ടീമുകള് തമ്മില് കൊമ്പു കോര്ക്കുമ്പോള് കളത്തില് സൂപ്പര് താരങ്ങള് തമ്മില് നേരിട്ടുള്ള ഏറ്റുമുട്ടലിന് കൂടെയാണ് വേദിയൊരുങ്ങുക. ജര്മനിയെ ഞെട്ടിച്ച് വന്ന മെക്സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകള്ക്ക് പരാജയപ്പെടുത്തിയാണ് മഞ്ഞപ്പട അവസാന എട്ടില് സ്ഥാനം ഉറപ്പിച്ചത്.
അതേസമയം, എളുപ്പത്തില് ജയിച്ചു കയറാമെന്ന പ്രതീക്ഷയുമായി കളത്തിലിറങ്ങിയ ബെല്ജിയം ജപ്പാന് മുമ്പില് വെള്ളം കുടിച്ച ശേഷം അവസാന നിമിഷമാണ് ജയിച്ച് കയറിയത്. കാനറികളും ചുവന്ന ചെകുത്താന്മാരും നേര്ക്കുനേര് വരുമ്പോള് അത് ഒരേ മനസോടെ ഇത്രയും നാള് പന്ത് തട്ടിയവരുടെ കൊമ്പ് കോര്ക്കലിനും കൂടിയാണ് വേദിയാകുന്നത്.
ക്ലബ്ബില് ഒരുമിച്ച് കളിക്കുന്ന പ്രതിഭകള് ഏറ്റുമുട്ടുമ്പോള് നിലം അറിഞ്ഞുള്ള തന്ത്രങ്ങളായിരിക്കും പരസ്പരം പ്രയോഗിക്കുക. മാഞ്ചസ്റ്റര് സിറ്റിയുടെ നാലു താരങ്ങളാണ് ബ്രസീലും ബെല്ജിയവും ഏറ്റുമുട്ടുമ്പോള് കളത്തിലുണ്ടാവുക. ബെല്ജിയത്തിന്റെ കളി മെനയുന്ന കെവില് ഡിബ്രുയിന് വെല്ലുവിളി കൊടുക്കാന് മഞ്ഞപ്പടയില് ഫെര്ണാണ്ടീഞ്ഞോ ഉണ്ടാകും.
രണ്ടു മഞ്ഞ കാര്ഡ് കിട്ടി പുറത്തിരിക്കേണ്ടി വരുന്ന കാസമിറോയ്ക്ക് പകരമാണ് ഫെര്ണാണ്ടീഞ്ഞോ വരിക. വിന്സെന്റ് കോമ്പാനിയും ഗബ്രിയേല് ജീസസും തമ്മില് നേരിട്ടുള്ള യുദ്ധത്തിനും കളമൊരുങ്ങുന്നുണ്ട്. ബെല്ജിയത്തിന്റെ പ്രതിരോധ കോട്ട കാക്കുന്നത് കോമ്പാനിയാണ്.
ലോകകപ്പില് ഫോമിലേക്കെത്താന് കഷ്ടപ്പെടുന്ന ജീസസിന് ഏറെ പ്രാധാന്യമുള്ള മത്സരമാണ് ബെല്ജിയത്തിനെരെയുള്ളത്. ഇതു രണ്ടു കൂടാതെ ചെല്സിയില് ഒരുമിച്ച് കളിക്കുന്ന ഏദന് ഹസാര്ഡിനും വില്യനും തമ്മിലുള്ള മത്സരത്തിനും വേദിയാവുകയാണ് ലോകകപ്പ്. രണ്ടു പേരിലും ഒരുപാട് പ്രതീക്ഷകളാണ് ടീമുകള് വച്ച് പുലര്ത്തുന്നത്.
