ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ തനിക്ക് വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ചാറ്റര്‍ജി രാജിക്ക് വിസമ്മതിച്ചത്. 

ദില്ലി:വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ച മുന്‍ ലോക്സഭ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ഇടുതപക്ഷസഹയാത്രികനും 10 തവണ ലോക്സഭാംഗമായിരുന്നു. 1968 മുതല്‍ സിപിഎം അംഗമായിരുന്ന സോമനാഥ് ചാറ്റര്‍ജിയെ 2008ലാണ് സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നത്. ലോക്സഭ സ്പീക്കര്‍ സ്ഥാനം രാജിവെക്കണമെന്ന പാര്‍ട്ടിയുടെ ആവശ്യം നിരസിച്ചതായിരുന്നു കാരണം. സിപിഎം നേതാവായ സോമനാഥ് ചാറ്റര്‍ജി ലോക്സഭ സ്പീക്കറാകുന്നത് യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ് . 

യുഎസുമായുള്ള ആണവ കരാറിനെത്തുടർന്നു മൻമോഹൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന് 2008ല്‍ സിപിഎം പിന്തുണ പിൻവലിച്ചു. തുടര്‍ന്ന് ലോക്സഭ സ്പീക്കര്‍ സ്ഥാനം രാജിവെക്കണമെന്ന് സോമനാഥ് ചാറ്റര്‍ജിയോട് പാര്‍ട്ടി ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുന്ന എംപിമാരുടെ ലിസ്റ്റില്‍ സോമനാഥ് ചാറ്റര്‍ജിയുടെ പേരും പാര്‍ട്ടി നല്‍കി. എന്നാല്‍ അതിന് തയ്യാറാകാതെ ചാറ്റര്‍ജി 2009 വരെ സ്പീക്കര്‍ പദവിയില്‍ തുടര്‍ന്നു. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ തനിക്ക് വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ചാറ്റര്‍ജി രാജിക്ക് വിസമ്മതിച്ചത്.

തുടര്‍ന്ന് അച്ചടക്ക ലംഘനത്തിന് പാര്‍ട്ടി ചാറ്റര്‍ജിയെ പുറത്താക്കുകയായിരുന്നു. സോമനാഥ് ചാറ്റർജിയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത് അന്നത്തെ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണ്. അതു കേന്ദ്രക്കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഇതോടെ 40 വര്‍ഷം നീണ്ടുനിന്ന സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും സോമനാഥ് ചാറ്റര്‍ജി പിന്‍വാങ്ങി.

സോമനാഥ് ചാറ്റര്‍ജി ഇന്ത്യന്‍ ഭരണഘടന അനുസരിച്ചായിരിക്കും പ്രവര്‍ത്തിച്ചത് എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് പാര്‍ട്ടി ഭരണഘടനയാണ് വലുതെന്നായിരുന്നു ചാറ്റര്‍ജിയെ പുറത്താക്കിയതിനോടുള്ള ബെംഗാള്‍ സെക്രട്ടറി ബിമന്‍ ബോസിന്‍റ പ്രതികരണം. സോമനാഥ് ചാറ്റര്‍ജിയെ സംബന്ധിച്ച് തന്‍റെ ജീവിതത്തിലെ ഏറ്റവും ദുഖംനിറഞ്ഞ ദിവസമായിരുന്നു അത്. 2009ലെ തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്നായിരുന്നു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് ചാറ്റര്‍ജിയുടെ പ്രഖ്യാപനം. തന്‍റെ രാഷ്ട്രീയ നിലപാട് തെറ്റായിരുന്നു എന്നോ അതില്‍ ദുഖിക്കുന്നതായോ മരണം വരെ സോമനാഥ് ചാറ്റര്‍ജി പറഞ്ഞിരുന്നില്ല.