കൊല്ലം: കൊട്ടാരക്കരയില്‍ 98 വയസുള്ള വൃദ്ധനെ മകന്‍ ക്രൂരമായി മര്‍ദിച്ച് വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി. കൊട്ടാരക്കര സ്വദേശി ഡാനിയലിനാണ് മര്‍ദനമേറ്റത്. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര പ്ലാമൂട് സ്വദേശി ഡാനിയല്‍ ആണ് ക്രൂര മര്‍ദനത്തിന് ഇരയായത്. മകള്‍ റോസമ്മക്കൊപ്പം താമസിച്ചുവരികയായിരുന്നു ഡാനിയല്‍. 

എന്നാല്‍ റോസമ്മ ചൊവ്വാഴ്ച വൈകിട്ടോടെ ഡാനിയലിനെ അടുത്തുതന്നെയുള്ള മകനായ ചെറിയാന്റെ വീട്ടിലെത്തിച്ചു. എന്നാല്‍ അച്ഛനെ ഒപ്പം നിര്‍ത്താന്‍ ഇയാള്‍ തയ്യാറായില്ല. ചെറിയാനും ഭാര്യയും ക്രൂരമായി മര്‍ദിച്ച് ഡാനിയലിനെ വീട്ടില്‍ കയറ്റാതെ ഇറക്കിവിട്ടെന്നാണ് പരാതി. ഒരു മണിക്കൂറോളം ഇയാളെ പുറത്ത് മഴയത്ത് നിര്‍ത്തിയിരിക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി ഡാനിയലിനെ ആശുപത്രിയിലെത്തിച്ചു. മകനെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.