കൊല്ലം: ഇളമ്പലിൽ പ്രവാസി മലയാളിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ പിടികൂടിയില്ലെങ്കിൽ കുടുംബസമേതം ജീവനൊടുക്കുമെന്ന ഭീഷണിയുമായ് മകന്‍ സുനിൽ. പ്രതികളെ പിടികൂടാൻ പൊലീസ് താല്‍പര്യം കാട്ടുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി.

സുഗതന്‍ ജീവനൊടുക്കി രണ്ട് ദിവസമാകുമ്പോഴാണ് പൊലീസ് ബന്ധുക്കളുടെ വിശദമായ മൊഴിയെടുക്കുന്നത്. ഇന്നും നാളെയുമായി കൂടുതല്‍ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. എന്നാല്‍ പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് താത്പര്യം കാട്ടുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

കൊടികുത്തി വര്‍ക്ക് ഷോപ്പ് നിര്‍മാണം തടസ്സപ്പെടുത്തിയ എഐവൈഎഫ് പ്രവര്‍ത്തകരെയും ചോദ്യം ചെയ്യുന്നുണ്ട്. ഇവയെല്ലാം വിശദമായി പരിശോധിച്ച ശേഷമേ ആത്മഹത്യപ്രേരണക്കുള്ള വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ പൊലീസ് തീരുമാനമെടുക്കൂ. 

നിലവില്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ അടക്കം രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. രാഷ്ട്രീയ സ്വാധീനമാണ് അന്വേഷണം വൈകാന്‍ കാരണമെന്നാണ് ആരോപണം. കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധരംഗത്തുണ്ട്