തനിക്കും പിതാവിനും ക്വട്ടേഷന്‍ സംഘത്തിന്റെ ഭീഷണിയുണ്ടായിരുന്നെന്ന് തൃശ്ശൂരില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വസ്തു ബ്രോക്കര്‍ രാജീവിന്റെ മകന്‍ അഖില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന പ്രതി ചാക്കര ജോണിയാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇയാള്‍ രാജ്യം വിട്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ക്വട്ടേശന്‍ നല്‍കിയത് പ്രമുഖ അഭിഭാഷകന്‍ അഡ്വ. ഉദയഭാനുവിന്റെ അറിവോടെയായിരുന്നെന്നും മകന്‍ അഖില്‍ ആരോപിച്ചു.
രാജീവിന്റെ കൊലപാതകത്തില്‍ ഉദയഭാനുവിന് പങ്കുണ്ടെന്ന് കരുതുന്നുവെന്നാണ് മകന്‍ പറയുന്നത്. ഈ പങ്കും പൊലീസ് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. ഉദയഭാനുവും കൊല്ലപ്പെട്ട രാജീവും കോടികളുടെ വസ്തു ഇടപാടുകള്‍ നടത്തിയിരുന്നു, ഈ രേഖകളെല്ലാം തന്റെ പക്കലുണ്ട്. ചാക്കര ജോണിയുടെ അനധികൃത സ്വത്തുക്കളും രാജീവിന്റെ പക്കല്‍ ഉണ്ടായിരുന്നു. ഇതിന്റെ രേഖകള്‍ ഉദയഭാനുവിനും നല്‍കിയിരുന്നു, ഇടപാടുകള്‍ രാജിവിന്റെ പരിയാരത്തെ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും ഇത് നശിപ്പിക്കപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും അഖില്‍ പറഞ്ഞു.
കൊല്ലപ്പെട്ട രാജീവിന്റെ മൃതദേഹം ഇന്നലെയാണ് സംസ്കരിച്ചത്. കുടുംബാഗങ്ങളുടെ മൊഴി ഇതുവരെ പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം കുടുംബാംഗങ്ങളുടെ സൗകര്യം കൂടി പരിഗണിച്ച് മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
