Asianet News MalayalamAsianet News Malayalam

ഭാഗൽപൂർ വർഗ്ഗീയ സംഘർഷം; കേന്ദ്ര മന്ത്രിയുടെ മകൻ കീഴടങ്ങി

  • ബിജെപി സംഘം പശ്ചിമബംഗാളിൽ 
  • രാജസ്ഥാനിലെ പാലിയിലും സംഘർഷം 
Son Union Minister Over Bihar Violence arrested

ദില്ലി: ബീഹാറിലെ ഭാഗൽപൂരിൽ വർഗ്ഗീയസംഘർഷത്തിലേക്ക് നയിച്ച റാലിക്ക് നേതൃത്വം നൽകിയ കേന്ദ്രമന്ത്രി അശ്വിനികുമാർ ചൗബെയുടെ മകൻ അരിജിത് ശാശ്വത് പോലീസിനു മുന്നിൽ കീഴടങ്ങി. വർഗ്ഗീയസംഘർഷത്തിൻറെ പേരിൽ ബീഹാറിൽ സഖ്യകക്ഷികൾക്കും ബിജെപിക്കും ഇടയിലെ ഭിന്നത രൂക്ഷമായി. പശ്ചിമബംഗാളിലും രാജസ്ഥാനിലും വർഗ്ഗീയ സംഘർഷമുണ്ടായ സ്ഥലങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. 

കഴിഞ്ഞ മാസം പതിനേഴിന് ഭാഗൽപൂരിൽ അരിജിത് ശാശ്വത് നയിച്ച റാലിക്കിടെ ഉണ്ടായ തർക്കമാണ് വർഗ്ഗീയ സംഘർഷത്തിലേക്ക് നയിച്ചത്. അറസ്റ്റ് ഒഴിവാക്കാൻ ശ്രമിച്ച അരിജിത് ശാശ്വത് മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളിയതോടെയാണ് ഇന്നലെ അർദ്ധരാത്രി കീഴടങ്ങിയത്. ജയ്ശ്രീരാം മുദ്രാവാക്യം വിളിച്ചത് ക്രിമിനൽ കുറ്റമാണെങ്കിൽ അതിനിയും തുടരും എന്നായിരുന്നു അരിജിതിൻറെ പ്രതികരണം 

വർഗ്ഗീയധ്രുവീകരണത്തിനിടയാക്കിയ സംഭവങ്ങളിൽ മുഖ്യമന്ത്രി നിതീഷ്കുമാർ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എൻഡിഎയിൽ കുറുമുന്നണി രൂപപ്പെടുകയാണ്. ഏപ്രിൽ പതിനാലിന് അംബേദക്കർ ജയന്തി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി നിതീഷ്കുമാറിനെ ലോക്ജനശക്തി പാർട്ടി നേതാവ് രാംവിലാസ് പസ്വാൻ ക്ഷണിച്ചു.

നിതീഷ്കുമാർ എൻഡിഎ വിട്ട് പുറത്തു വരണമെന്ന് ഇന്നലെ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. പശ്ചിമബംഗാളിൽ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. ഓംപ്രകാശ് മാഥുറിൻറെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം വിലക്ക് ലംഘിച്ച് സംഘർഷമേഖലകളിലെത്തി. രാജസ്ഥാനിലെ പാലി ജില്ലിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടെ നടന്ന അക്രമത്തെ തുടർന്ന് പലയിടത്തും അതീവജാഗ്രത പ്രഖ്യാപിച്ചു
 

Follow Us:
Download App:
  • android
  • ios