Asianet News MalayalamAsianet News Malayalam

സോഷ്യല്‍ മീഡിയ തേടിക്കൊണ്ടിരിക്കുന്ന ആ 'അജ്ഞാത ഗായിക' ഇതാ ഇവിടെയുണ്ട്

ചന്ദ്രലേഖ മകൻ ശ്രീഹരിയെ ഉറക്കാൻ പാടിയ പാട്ടാണ് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. ഒരുപക്ഷേ സുമിതയും നാളത്തെ ചന്ദ്രലേഖയാകുമെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നുണ്ട്. 

song video of a house wife going viral
Author
Alappuzha, First Published Aug 13, 2018, 12:32 PM IST

ഈ പാട്ടുകാരൊക്കെ ഇത്രയും നാൾ എവിടെയായിരുന്നു എന്നൊരു ചോദ്യമുദിക്കും ചില പാട്ടുകാരെ കേൾക്കുമ്പോൾ. ഒരു കാര്യം മനസ്സിലാകും, ദൈവം വിരൽ തൊട്ട നിരവധി പാട്ടുകാരും കലാകാരൻമാരും സോഷ്യൽ മീഡിയയുടെ തുറന്നിട്ട വാതിലിലൂടെ പുറത്തേക്ക് വരുന്നുണ്ട്. അവർ പാടുമ്പോൾ കാത് തുറന്ന് കാത്തിരിക്കുന്നവരുമുണ്ട്. ചന്ദ്രലേഖയ്ക്കും അഭിജിത്തിനും ഹനാനും രാകേഷിനും ഒപ്പം ഒരാളെക്കൂടി സോഷ്യൽ മീഡിയ ചേർത്തു നിർത്താനൊരുങ്ങുന്നു. ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശിനി സുമിത. അടുക്കളയില്‍ നിന്ന് സുമിത പാടുന്ന പാട്ടാണ് 'ആരാണീ പാട്ടുകാരി?' എന്ന ചോദ്യത്തോടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

പതിനേഴ് വർഷം മുമ്പ് അടച്ചു വച്ചൊരു പാട്ടുപുസ്തകം ഏകദേശം രണ്ട‌് മാസങ്ങൾക്ക് മുമ്പാണ് സുമിത വീണ്ടും തുറന്നത്. ആ കഥ ഇങ്ങനെ. സുഹൃത്തായ പ്രിയയുടെ തയ്യൽക്കടയിലിരുന്ന് സുമിത പാടിയ പാട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പ്രിയയുടെ ടെയിലറിം​ഗ് സെന്ററിനോട് ചേർന്ന് ഒരു സം​ഗീതക്ലാസ് ആരംഭിക്കാൻ സുമിതയ്ക്ക് ആ​ഗ്രഹമുണ്ടായിരുന്നു. ആ കാര്യങ്ങൾ സംസാരിക്കുന്നതിന് വേണ്ടിയാണ് അവളുടെ അടുത്ത് പോയത്. അങ്ങനെ കൂട്ടുകാരിയാണ് 'ജാനകീ ജാനേ...' എന്ന് തുടങ്ങുന്ന പാട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കലാകാരൻമാരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന സോഷ്യൽ മീഡിയ സുമിതയെയും സ്വീകരിച്ചു. 

കൊല്ലം എസ്. എൻ. കോളേജിൽ നിന്ന് സം​ഗീതത്തിൽ ബിരുദം നേടിയിട്ടുണ്ട് സുമിത. 96-97 കാലഘട്ടത്തിൽ കൊല്ലം എസ്.എൻ കോളേജിലെ ആർട്ട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. പിന്നീടായിരുന്നു വിവാഹം. വിവാഹശേഷം തത്ക്കാലം പാട്ട് മോഹം മാറ്റിവച്ചെന്ന് സുമിത പറയുന്നു. പിന്നീടിങ്ങോട്ട് പതിനേഴ് വർഷങ്ങൾ. ''പാടാതിരുന്ന് എന്റെ ശബ്ദം പോയത് പോലെയൊക്കെ എനിക്ക് തോന്നിയിരുന്നു. വല്ലാത്തൊരു സങ്കടാവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. എന്നെ അറിയാവുന്ന സുഹൃത്തുക്കൾ പാട്ടിലേക്ക് തിരിച്ചു വരാൻ എപ്പോഴും പറയും. അതിലൊരാളാണ് പ്രിയ. എന്നെക്കൊണ്ട് നിർബന്ധിച്ച് പാടിച്ച പാട്ടാണത്. നൂറനാടൻമാർ സൗഹൃദ കൂട്ടായ്മയുടെ പേജിൽ എന്റെ  പാട്ട് അവർ ഷെയർ ചെയ്തിരുന്നു. ഒരുപാട് പേർ അത് കേട്ട് നല്ല അഭിപ്രായം പറഞ്ഞു. മുപ്പതിനായിരത്തിലധികം പേരാണ് ആ പേജിൽ നിന്ന് മാത്രം പാട്ട് കേട്ടത്. '' സുമിത പറയുന്നു.

'ആകാശങ്ങൾക്കപ്പുറം' എന്ന കുട്ടികൾക്ക് വേണ്ടിയുള്ള ചിത്രത്തിൽ സുമിത ഒരു കവിത പാടിയിട്ടുണ്ട്. അതുപോലെ ഭക്തി​ഗാനങ്ങളിലും പാടിയിട്ടുണ്ട്. 2016-ലായിരുന്നു അത്. പെട്ടെന്നൊരു ദിവസം പാടിത്തുടങ്ങിയതല്ല ആളല്ല ഈ വീട്ടമ്മ. സുമിതയുടെ ചിറ്റപ്പൻ നൂറനാട് കൃഷ്ണൻകുട്ടി അറിയപ്പെടുന്ന ഗാനരചയിതാവായിരുന്നു. കെ. എസ് ചിത്രയുടെ ഇഷ്ട​ഗാനങ്ങളിലൊന്ന് അദ്ദേഹം എഴുതിയ പാട്ടാണെന്ന് പറഞ്ഞിട്ടുണ്ട്. ''എന്നെ പാട്ട് പഠിക്കാൻ പ്രോത്സാഹിപ്പിച്ചത് ചിറ്റപ്പനായിരുന്നു. അദ്ദേഹം പോയപ്പോൾ എന്റെ പാട്ടും നിന്നുപോയി.'' സുമിതയുടെ വാക്കുകൾ. 

കുടുംബസദസ്സുകളിലും സൗഹൃദക്കൂട്ടങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുന്നതാണെങ്കിലും സുമിതയുടെ പാട്ടിന് ആരാധകർ ഏറെയാണ്. കെ.എസ് ചിത്രയുടെ പാട്ടുകൾ കേൾക്കുന്ന, പാട്ടുകൾ പാടാൻ ആ​ഗ്രഹിക്കുന്ന സുമിതയുടെ ആ​ഗ്രഹം ചിത്രച്ചേച്ചിയെ ഒന്നു നേരിട്ട് കാണണം എന്നാണ്. ഭർത്താവ് പ്രദീപിനും മകൻ പ്രണവിനുമൊപ്പം നൂറനാട്ടാണ് സുമിത താമസിക്കുന്നത്. ആകാശവാണിയിലെ ബി​ഗ്രേഡ് ആർട്ടിസ്റ്റ് കൂടിയാണ് സുമിത. 

വൈറലായ വീഡിയോയിൽ കെ.എസ്. ചിത്ര പാടിയ 'കണ്ണാളനേ..' എന്ന പാട്ടാണ് സുമിതയും തെരഞ്ഞെടുത്തിരിക്കുന്നത്. ചന്ദ്രലേഖ മകൻ ശ്രീഹരിയെ ഉറക്കാൻ പാടിയ പാട്ടാണ് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. ഒരുപക്ഷേ സുമിതയും നാളത്തെ ചന്ദ്രലേഖയാകുമെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios