ദില്ലി: തെഹല്‍ക്കയുടെ സാമ്പത്തിക ശ്രോതസ് സംബന്ധിച്ച കേസ് അന്വേഷണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടതായി ആരോപണം. ജയ ജയ്റ്റ്ലിയുടെ ആത്മകഥയായ ലൈഫ് എമങ് സ്കോര്‍പ്പിയോണ്‍സ്; മെമ്മറീസ് ഓഫ് എ വുമണ്‍ ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്സിലാണ് ആരോപണം. തെഹല്‍ക്കെതിരായ അന്വേഷണത്തില്‍ സാമ്പത്തിക ശ്രോതസിനെ കുറിച്ച് കാര്യമായ അന്വേഷണം നടത്തേണ്ടെന്ന് പി ചിദംബരത്തിന് സോണിയ ഗാന്ധി നിര്‍ദേശം നല്‍കിയതായാണ് ആരോപണം. 

തെഹല്‍ക്കയുടെ ഒളിക്യാമറ അന്വേഷണത്തില്‍ പ്രതിരോധ മന്ത്രി സ്ഥാനം നഷ്ടമായ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സമതാ പാര്‍ട്ടിയുടെ നേതാവ് കൂടിയാണ് ജയ ജയ്റ്റ്ലി. തെഹല്‍ക്കയുടെ ഒളിക്യാമറ അന്വേഷണത്തില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്നും ജയ ജയ്റ്റ്ലി ആരോപിക്കുന്നു. 2004ല്‍ സോണിയ ഗാന്ധി പി ചിദംബരത്തിന് എഴുതിയതെന്ന് ആരോപിക്കുന്ന കത്തിന്റെ കോപ്പിയും ജയ ജയ്റ്റ്ലി തന്റെ ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

സോണിയ ഗാന്ധിയുടെ നിര്‍ദേശമനുസരിച്ച് പി ചിദംബരം എന്‍ഫോഴ്സ്മെന്റ് വകുപ്പില്‍ നിന്ന് തെഹല്‍ക്കയുടെ സാമ്പത്തിക ശ്രോതസുകള്‍ സംബന്ധിച്ച രേഖകള്‍ തേടിയെന്നും ജയ ജയ്റ്റ്ലി ആരോപിക്കുന്നു. തെഹല്‍ക്കയുടെ ഒളിക്യാമറാ ഓപ്പറേഷനിലൂടെ ഏറ്റവും അധികം ഗുണമുണ്ടായത് കോണ്‍ഗ്രസിനാണെന്നും ജയ കൂട്ടിച്ചേര്‍ത്തു. 

ആയുധ ഇടപാടുകളിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവരാൻ തെഹൽക്ക നടത്തിയ സ്റ്റിങ് ഓപ്പറേഷനായ ‘ഓപ്പറേഷൻ വെസ്റ്റ് എൻഡ്’നെ സംബന്ധിച്ചാണ് ജയ ജയ്റ്റ്ലിയുടെ വെളിപ്പെടുത്തലുകള്‍. ഏഴര മാസമെടുത്തു പൂർത്തിയായ അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തുവന്നത് എൻഡിഎയും ബിജെപിയെയും കാര്യമായി ബാധിച്ചിരുന്നു. അന്നത്തെ ബിജെപി അധ്യക്ഷൻ ബംഗാരു ലക്ഷ്മണ് പ്രത്യേക സിബിഐ കോടതി ഒരു ലക്ഷം രൂപ പിഴയും നാലു വർഷത്തെ കഠിന തടവും ശിക്ഷ വിധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തെഹല്‍ക്കയുടെ പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിരുന്നു.