ദില്ലി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗിന് പത്ത് ദിവസം മാത്രം അവശേഷിക്കേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ അസാന്നിധ്യം പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയാണ്. പാര്‍ട്ടി ഉപാധ്യക്ഷനും മകനുമായ രാഹുല്‍ ഗാന്ധി ഗുജറാത്തിലുടനീളം ഓടി നടന്ന് പ്രചരണം നടത്തുന്നുണ്ടെങ്കിലും രണ്ട് പതിറ്റാണ്ടോളമായി പാര്‍ട്ടിയെ നയിക്കുന്ന സോണിയ ഗാന്ധി ഇതുവരെയും ഗുജറാത്തിലേക്ക് വന്നിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലൊന്നും സോണിയയുടെ സാന്നിധ്യം ഇക്കുറി കണ്ടിരുന്നില്ല.
ബിജെപിയുടെ കോട്ടയായ ഗുജറാത്തില്‍ ശക്തമായ മത്സരം നടക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിന് സാധിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടി അധ്യക്ഷയുടെ അസാന്നിധ്യം സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് അലോസരമുണര്‍ത്തുന്ന കാര്യമാണ്. കാരണം കോണ്‍ഗ്രസ് അധ്യക്ഷ എന്ന പദവിയില്‍ അവരുടെ അവസാനദിവസങ്ങളാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
വരുന്ന ഡിസംബര്‍ അഞ്ചിന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമേറ്റെടുക്കുകയാണ്. രാഹുല്‍ അധ്യക്ഷ സ്ഥാനമേറ്റെടുക്കുമ്പോള്‍ എ.കെ.ആന്റണിയെ ഉപാധ്യക്ഷനായി നിയമിച്ചേക്കും എന്നൊരു അഭ്യൂഹം പാര്‍ട്ടിവൃത്തങ്ങളിലുണ്ട്. ആന്റണി ഒഴികെയുള്ള മുതിര്‍ന്ന നേതാക്കളുമായി രാഹുലിനുള്ള അകല്‍ച്ച കാരണം സോണിയ പാര്‍ട്ടി തലപ്പത്ത് തുടരണം എന്ന നിലപാടാണ് പല നേതാക്കള്‍ക്കുമുള്ളത്. എന്നാല്‍ രാഹുലിന് മാര്‍ഗ്ഗനിര്‍ദേശം നല്‍കാനുള്ള ചുമതല ആന്റണിയെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കി അവര്‍ അണിയറയിലേക്ക് മാറിയേക്കാം എന്നാണ് പൊതുവേ കരുതപ്പെടുന്നത്.
ഗുജറാത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശിലും കോണ്‍ഗ്രസ് സോണിയയുടെ സാന്നിധ്യമില്ലാതെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒക്ടോബര്‍ 27-ന് ഷിംലയില്‍ വിശ്രമത്തിനായി സോണിയ വന്നിരുന്നുവെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അവര്‍ പിന്നീട് ഡല്‍ഹിയിലേക്ക് തിരിച്ചു പോകുകയും, ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു.
ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങളും പോയ വര്‍ഷങ്ങളില്‍ സോണിയ നേരിട്ടിരുന്നുവെങ്കിലും അതെന്താണെന്ന് ഗാന്ധി കുടുംബമോ സോണിയയോ വ്യക്തമാക്കിയിട്ടില്ല. ഉദരസംബന്ധമായ ചില അസുഖങ്ങള്‍ അവര്‍ നേരിടുന്നുവെന്ന് മാത്രമാണ് വിശ്വസത കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്.
എന്തായാലും സോണിയയുടെ അസാന്നിധ്യത്തിലും ഗുജറാത്തില്‍ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ രാഹുലിന് സാധിച്ചിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ബിജെപിയുടേയും മോദിയുടേയും വണ്‍മാന്‍ ഷോ ആയി മാറാറുള്ള ഗുജറാത്ത് തിരഞ്ഞെടുപ്പിന് ഇക്കുറി ശക്തമായ മത്സരത്തിന്റെ പ്രതീതി നല്‍കുവാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന് സാധിച്ചിട്ടുണ്ട്. ഗുജറാത്തില്‍ ബിജെപി മികച്ച വിജയം ആവര്‍ത്തിച്ചാല്‍ അത് സോണിയക്കും രാഹുലിനും വന്‍തിരിച്ചടിയാണ്. എന്നാല്‍ മികച്ച പ്രകടനം കോണ്‍ഗ്രസിന് നടത്താനായാല്‍ അത് ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരന്റെ രണ്ടാം വരവായി മാറുകയും ചെയ്യും.
