ദില്ലി: അടുത്ത് നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രചരണരംഗത്ത് ഇറങ്ങില്ലെന്ന് സൂചന. അനാരോഗ്യം മൂലം സോണിയ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. സോണിയയുടെ ആരോഗ്യം അത്ര നല്ലതല്ല. എന്നാല്‍ ഇക്കാര്യം കൊണ്ട് മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാത്തതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഹൈക്കമാന്‍ഡ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. അടുത്ത കാലത്ത് സോണിയ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാത്ത ആദ്യ തെരഞ്ഞെടുപ്പായിരിക്കും ഉത്തര്‍പ്രദേശിലേത്. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ തെര‍ഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് രാഹുല്‍ ഗാന്ധിയാണ്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നതും രാഹുല്‍ ഗാന്ധിയാണ്. നേരത്തെ രാഹുലുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍, സോണിയയും മുലായവും ഒന്നിച്ച് പ്രചരണത്തിന് ഇറങ്ങുന്നത് നേട്ടമായിരിക്കുമെന്നു അഖിലേഷ് യാദവ് പറഞ്ഞിരുന്നു.