തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളുടെ ആരവങ്ങളില്ലാതെ തീരദേശങ്ങള്‍. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവര്‍ക്കായി പൂന്തുറയിലും തുമ്പയിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ കൊണ്ട് വേദനയുടെ തിരകളടിക്കുന്ന തീരമേഖലകളില്‍ ക്രിസ്മസ് നക്ഷത്രങ്ങള്‍ തെളിഞ്ഞില്ല. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും തിരികെയെത്താത്തവര്‍ക്കും വേണ്ടി ക്രിസ്മസ് സായാഹ്നത്തില്‍ ശംഖുമുഖത്ത് മെഴുക് തിരി കൊളുത്തും.
സാധാരണഗതിയില്‍ വിളക്കുകളുടെയും സംഗീതത്തിന്റൈയുമെല്ലാം പ്രഭയില്‍ പ്രകാശപൂരിതമാകുന്ന തീരദേശം ഇത്തവണ വേര്‍പാടിന്‍റെ ദുഃഖസാന്ദ്രമായ നിശബ്ദതയാണ്. ദുഃഖക്കയത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാനാവാതെ പകച്ചുനില്‍ക്കുകയാണ് ഈ പ്രദേശങ്ങള്‍. പ്രിയപ്പെട്ടവരുടെ വേര്‍പാടും അനവധി പേരെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭ്യമാകാത്തത്തും ഇവിടെയുളളവരുടെയുളളില്‍ ആധിയുടെയും ആശങ്കയുടെയും ചുഴലിക്കാറ്റായി വീശുന്നത്. നവംബര്‍ 30 ന് തുടങ്ങിയ ഓഖി ചുഴലിക്കാറ്റില്‍ കേരളത്തില്‍ ആള്‍ നഷ്ടമുളളപ്പടെ കനത്ത നഷ്ടം സംഭവിച്ചിരുന്നു.
ഒാഖി ദുരന്തത്തില്‍ എഴുപതിലേറെപ്പേര്‍ മരിച്ചതായി ഇതുവരെയുളള കണക്കുകള്‍ സ്ഥിതികരീക്കുന്നു. നിരവധി പേരെ കാണാതായിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ 208 പേരെ കൂടി കണ്ടെത്താനുണ്ടെന്ന് സര്‍ക്കാറിന്റെ പുതിയ കണക്ക്. 166 മലയാളികളെയും 42 ഇതരസംസ്ഥാനക്കാരെയുമാണ് കണ്ടെത്താനുള്ളതെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. 132 പേരെ കാണാതായതിന് എഫ്‌ഐആര്‍ എടുത്തിട്ടുണ്ട്. 34 പേരുടെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല. മല്‍സ്യത്തൊഴിലാളികളുടെ കണക്കുംകൂടി പരിഗണിച്ചാണ് പുതിയ പട്ടിക തയാറാക്കിയിരിക്കുന്നത്. കണ്ടെത്തിയ മൃതദേഹങ്ങളില്‍ 32 എണ്ണം ഇനിയും തിരിച്ചറിയാനുണ്ട്.
