റിയാദ്: വിമാനത്താവളങ്ങള്‍ക്ക് പുറമെ സൗദിയില്‍  തുറമുഖങ്ങളും റെയില്‍വേയും  പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ണമായും നടപ്പിലാക്കും. 2018 അവസാനിക്കുന്നതിനു മുമ്പ് സൗദിയിലെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വേ എന്നീ മേഖലകള്‍ നൂറു ശതമാനവും സ്വകാര്യവല്‍ക്കരിക്കുമെന്നു ഗതാഗതമന്ത്രി ഡോ.നബീല്‍ അല്‍ അമൂദി ആണ് വ്യക്തമാക്കിയത്.  

നിലവില്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. വൈകാതെ തുറമുഖങ്ങളും, റെയില്‍വേയും സ്വകാര്യവല്‍ക്കാനുള്ള നടപടികള്‍ ആരംഭിക്കും. 

അതേസമയം 3,172 സൗദി വനിതകള്‍ ആദ്യ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ വുസൂല്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയതായി തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി വനിതകള്‍ക്ക് ഗതാഗത സൗകര്യം ഏര്‍പ്പെടുത്തുന്ന പദ്ധതിയാണ് വുസൂല്‍. വനിതാ ജീവനക്കാര്‍ക്ക് സുരക്ഷിതവും മെച്ചപ്പെട്ടതുമായ യാത്ര വുസൂല്‍ വഴി ഒരുക്കും. 

വനിതകള്‍ക്ക് വാഹന റിപ്പൈര്‍ ജോലി പഠിക്കാനായി ടെക്നിക്കല്‍ ആണ്ട് വോക്കെഷനല്‍ ട്രെയിനിംഗ് കോര്‍പ്പറേഷന്‍ പ്രത്യേക കോഴ്സ് ആരംഭിക്കുമെന്ന് കോര്‍പ്പറേഷന്‍ ഗവര്‍ണര്‍ അഹമദ് ബിന്‍ ഫഹദ് അല്‍ ഫുഹൈദ് അറിയിച്ചു. അടുത്ത ജൂണ്‍ മുതല്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ്‌ നീക്കം.