അമ്മക്ക് കിഡ്‌നി തകരാർ ആണെന്നും, അച്ഛന് ശ്വാസം മുട്ടൽ ആണെന്നും നാട്ടുകാരെ സൗമ്യ വിശ്വസിപ്പിച്ചുവെന്നാണ് ആരോപണം

കണ്ണൂര്‍: പിണറായിയില്‍ മകളെയും അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷവും സൗമ്യ നാട്ടുകാരെ കബളിപ്പിച്ചു ഏന്നു അയൽവാസികൾ. അമ്മക്ക് കിഡ്‌നി തകരാർ ആണെന്നും, അച്ഛന് ശ്വാസം മുട്ടൽ ആണെന്നും നാട്ടുകാരെ സൗമ്യ വിശ്വസിപ്പിച്ചുവെന്നാണ് ആരോപണം. സൗമ്യ ആണ് കൊല നടത്തിയത് എന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല എന്നും അയൽവാസികൾ പ്രതികരിച്ചു. 

എലി വിഷമാണ് എല്ലാവരുടെയും കൊലയ്ക്ക് സൗമ്യ ഉപയോഗിച്ചതെന്ന് രാസപരിശോധന റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. എലിവിഷം സൗമ്യക്ക് വാങ്ങിനൽകിയത് ഇവരുമായി ബന്ധമുള്ള ഓട്ടോ ഡ്രൈവറാണെന്നാണ് ഇപ്പോൾ പൊലീസിന്റെ നിഗമനം. ഇയാളുൾപ്പെടെ സൗമ്യയുമായി ബന്ധമുള്ള മൂന്ന് പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

ഇവരെ ചോദ്യം ചെയ്തുവരികയാണ്. എലിവിഷം വാങ്ങി നൽകിയെന്ന് സമ്മതിച്ചെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്ന് ഓട്ടോഡ്രൈവർ പൊലീസിനോട് പറഞ്ഞുവെന്നാണ് വിവരം. വീട്ടിലെ സാധാരണ ഉപയോഗിത്തിനെന്ന് കരുതിയാണ് എലിവിഷം വാങ്ങി നൽകിയതെന്നാണ് ഇയാൾ പറയുന്നത്.