ദില്ലി: സൗമ്യ കേസിലെ സുപ്രീം കോടതി വിധിപ്രകാരമുള്ള ശിക്ഷാ കാലാവധി പൂർത്തിയാക്കിയാലും ഗോവിന്ദച്ചാമി ഉടനെ ജയിൽമോചിതനാകില്ല. സേലം സെഷൻസ് കോടതി ശിക്ഷ വിധിച്ച പിടിച്ചുപറിക്കേസും കണ്ണൂരിൽ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഗോവിന്ദച്ചാമി തടവുശിക്ഷ അനുഭവിക്കാനുണ്ട്. ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയായതിനാൽ പരോൾ കാലാവധിയുടെ ഇളവും സൗമ്യ കേസിൽ ഗോവിന്ദച്ചാമിക്ക് ലഭിക്കില്ല.
വധശിക്ഷ റദ്ദ് ചെയ്ത്, ഏഴ് വർഷത്തേക്ക് തടവിന് ശിക്ഷിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗോവിന്ദച്ചാമി അടുത്ത വർഷം മെയ് 3ന് ജയിൽ മോചിതനാകേണ്ടതാണ്. അതായത് എല്ലാ തടവുകാലാവധികളും കണക്കാക്കി 8 മാസം കൂടി. എന്നാൽ സൗമ്യ കേസിലെ ശിക്ഷാ കാലാവധി തീർന്നാലും സേലം സെഷൻസ് കോടതി ഏഴ് വഷത്തേക്ക് ശിക്ഷ വിധിച്ച മാല പിടിച്ചുപറിക്കേസിലും, കണ്ണൂർ സെൻട്രൽ ജയിലിലെത്തിയ ശേഷം ജയിലുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 10 മാസത്തേക്കും ഗോവിന്ദച്ചാമി ശിക്ഷ അനുഭവിക്കാനുണ്ട്.
പിടിച്ചുപറിക്കേസിൽ മൂന്ന് വർഷവും ജയിലിനുള്ളിൽ അക്രമാസക്തനായ കേസിൽ അഞ്ച് മാസവും ഇളവും ഗോവിന്ദച്ചാമിക്ക് ലഭിച്ചിട്ടുണ്ട്.. ഇവ അടക്കമാണ് 2022 വരെ ഗോവിന്ദച്ചാമി ജയിലിൽ തുടരേണ്ടി വരുമെന്ന കണക്ക്. വധശിക്ഷ റദ്ദ് ചെയ്യപ്പെട്ടതോടെ, പുതിയ ഇളവുകൾ വരാമെങ്കിലും ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയായതിനാൽ ഗോവിന്ദച്ചാമിക്ക് പരോളോ ഇത് പ്രകാരമുള്ള ഇളവുകളോ ലഭിക്കില്ല.
കേസിൽ തനിക്കെതിരെ തെളിവുകളില്ലെന്നും തന്നെ വെറുതെ വിടുമെന്നുമായിരുന്നുവത്രെ ജയിലിനുള്ളിൽ ഗോവിന്ദച്ചാമിയുടെ വാദം. ഫോൺ ചെയ്യാൻ സൗകര്യം നൽകുന്നതോടൊപ്പം വരുന്നവരെ കാണാനും, അഭിഭാഷകനുമായി സംസാരിക്കാനും ഗോവിന്ദച്ചാമിക്ക് ജയിലിൽ സൗകര്യമുണ്ടായിരുന്നു. പുറത്ത് താൻ ചെയ്ത ക്രൂരകൃത്യത്തിന്റെ വാദവും വിചാരണയുമടക്കം കാര്യങ്ങലെല്ലാം ഗോവിന്ദച്ചാമി അപ്പപ്പോൾ അറിയുകയും പിന്തുടരുകയും ചെയ്യുന്നുണ്ടായിരുന്നു.
