ഷൊര്‍ണൂര്‍: റെയില്‍വേ ട്രാക്കില്‍ പീഡനത്തിന് ഇരയായി മരിച്ച സൗമ്യയുടെ അമ്മയ്‌ക്ക് അജ്ഞ‌ാതന്റെ ഭീഷണി. സൗമ്യയുടെ അമ്മ സുമതിയെ ഫോണില്‍ വിളിച്ചാണ് അജ്ഞാതന്‍ ഭീഷണിപ്പെടുത്തിയത്. ഗോവിന്ദച്ചാമിക്കെതിരെ ഇനി സംസാരിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നായിരുന്നു ഫോണില്‍ വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയത്. ഈ വിവരം ചൂണ്ടിക്കാട്ടി സൗമ്യയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. ഷൊര്‍ണൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം സൗമ്യവധക്കേസില്‍ സുപ്രീംകോടതി പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയിരുന്നു. കൊലപാതകത്തിന് ശക്തമായ തെളിവുകളില്ലെന്ന കാരണം പറഞ്ഞാണ് കോടതി, ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത്. ഇതേത്തുടര്‍ന്ന് ഗോവിന്ദച്ചാമിക്കും പ്രോസിക്യൂഷനും രൂക്ഷ വിമര്‍ശനവുമായി സൗമ്യയുടെ അമ്മ സുമതി രംഗത്തെത്തിയിരുന്നു. ചാനല്‍ ചര്‍ച്ചകളിലും മറ്റും സൗമ്യയുടെ അമ്മ നിലപാട് ആവര്‍ത്തിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൗമ്യയുടെ അമ്മയ്‌ക്ക് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.