ന്യൂഡല്‍ഹി: സൗമ്യവധക്കേസിൽ സംസ്ഥാന സര്‍ക്കാര്‍ നൽകിയ തിരുത്തൽ ഹര്‍ജിയും സുപ്രീംകോടതി തള്ളി. കേസിലെ എല്ലാ ജഡ്ജിമാരും തിരുത്തൽ ഹര്‍ജി തള്ളുന്നതിനോട് യോജിച്ചു. കേസിൽ ഒരു പേജുള്ള ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. കോടതി തീരുമാനം ദുഃഖകരമെന്ന് സൗമ്യയുടെ അമ്മ പറഞ്ഞു.

 സൗമ്യവധക്കെസിൽ നേരത്തെ വിധി പറഞ്ഞ ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, യു.യു.ലളിത്, പി.സി.പന്ഥ് എന്നിവര്‍ക്ക് പുറമെ ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ.ചലമേശ്വര്‍ എന്നിവര്‍ കൂടി ഉൾപ്പെട്ട ആറംഗ ബെഞ്ചാണ് സര്‍ക്കാര്‍ നൽകിയ തിരുത്തൽ ഹര്‍ജി പരിഗണിച്ചത്. തിരുത്തൽ ഹര്‍ജികൾ പരിഗണിക്കുന്നത് സംബന്ധിച്ച് 2002 ൽ രൂപ അശോക് ഹൂറ കേസിൽ സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്. അത്തരം സാഹചര്യങ്ങൾ ഈ കേസിൽ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ തിരുത്തൽ ഹര്‍ജി തള്ളുകയാണെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. കോടതി തീരുമാനം ദുഃഖകരമെന്ന് സൗമ്യയുടെ അമ്മ സുമതി പറഞ്ഞു.

സൗമ്യകേസിൽ സര്‍ക്കാരിന് ചെയ്യാൻ കഴിയുന്നതിന്‍റെ പരമാവധി ചെയ്തുതെന്ന് നിയമവകുപ്പ് മന്ത്രി എ.കെ.ബാലൽ പ്രതികരിച്ചു. 2011 ഫെബ്രുവരി 1നാണ് ട്രെയിൻ യാത്രക്കിടെ ഗോവിന്ദസ്വാമിയുടെ ആക്രമണത്തിന് ഇരയായ സൗമ്യ കൊല്ലപ്പെടുന്നത്. സൗമ്യയുടെ മരണത്തിന് കാരണമായ തലയിലെ മുറിവ് ട്രെയിനിൽ നിന്നുള്ള വീഴ്ചയിലാണ് ഉണ്ടായതെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാൽ സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത് ഗോവിന്ദസ്വാമിയാണെന്നതിന് നേരിട്ട് തെളിവ് മുന്നോട്ടുവെക്കാൻ സര്‍ക്കാരിന് സാധിച്ചില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടി സംശയത്തിന്‍റെ ആനുകല്യത്തിൽ 2016 സെപ്റ്റംബര്‍ 15ന് ഗോവിന്ദസ്വാമിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചു. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നൽകിയ ഹര്‍ജി തുറന്ന കോടതിയിൽ വാദംകേട്ട് തള്ളുകയും ചെയ്തു. അതിന് ശേഷമാണ് സര്‍ക്കാര്‍ തിരുത്തൽ ഹര്‍ജി നൽകിയത്.