പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ രാജിവച്ചു. സുമയെ മാറ്റാന്‍ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (എഎൻസി) തീരുമാനം എടുത്തതിനു പിന്നാലെയാണ് രാജി. അഴിമതിയാരോപണത്തെ തുടര്‍ന്നാണ് സുമ രാജിവയ്ക്കണമെന്ന് എഎന്‍സി ആവശ്യപ്പെട്ടത്. അവിശ്വാസ പ്രമേയം പാർലമെന്‍റ് ഇന്നു ചര്‍ച്ചയ്ക്കെടുക്കാനിരിക്കുകയായിരുന്നു. 

അതേസമയം, രാജിവയ്ക്കുകയാണെന്ന് ടെലിവിഷനിലൂടെ അറിയിച്ച സുമ, എഎൻസിയുടെ തീരുമാനത്തോട് വിയോജിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. സ്ഥാനമൊഴിയുകയോ പാർലമെന്‍റില്‍ വിശ്വാസവോട്ടു തേടുകയോ വേണമെന്നാണ് എഎന്‍സി സുമയോട് ആവശ്യപ്പെട്ടത്.

എഎന്‍സി അധ്യക്ഷനും ഡപ്യൂട്ടി പ്രസിഡന്റുമായ സിറില്‍ റമഫോസ പുതിയ പ്രസിഡന്റാകുമെന്നാണു സൂചന. 2009ലാണ് ജേക്കബ് സുമ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി അധികാരത്തിലേറുന്നത്.