2002ല്‍ സെമിയിലെത്താന്‍ സൗത്ത് കൊറിയക്ക് സാധിച്ചിരുന്നു

മോസ്കോ: യൂറോപ്യന്‍-ലാറ്റിനമേരിക്കന്‍ ശക്തികളുടെ ഫുട്ബോള്‍ അധിനിവേശത്തിന് മുന്നില്‍ എപ്പോഴും കീഴടങ്ങാന്‍ വിധിക്കപ്പെട്ടവരാണ് ലോകകപ്പില്‍ ഏഷ്യന്‍ ടീമുകള്‍. ഗ്രൂപ്പ് റൗണ്ടില്‍ വമ്പന്മാര്‍ക്ക് വളരെ വേഗം തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറില്‍ കടക്കാനുള്ള വഴിയൊരുക്കലായിരുന്നു ഏഷ്യന്‍ ടീമുകള്‍ ചെയ്തിരുന്നത്. എന്നാല്‍, 2002 എന്ന വര്‍ഷം ഏഷ്യന്‍ ഫുട്ബോളിന് മറക്കാന്‍ കഴിയാത്ത ഓര്‍മകളാണ് സമ്മാനിച്ചത്.

ആദ്യമായി ഏഷ്യന്‍ ഭൂഖണ്ഡം ലോകകപ്പിന് വേദിയൊരുക്കിയപ്പോള്‍ അതില്‍ സെമി ഫെെനല്‍ വരെ കുതിച്ചെത്താന്‍ ആതിഥേയര്‍ കൂടിയായ ദക്ഷിണ കൊറിയക്ക് സാധിച്ചു. തുടര്‍ച്ചയായ ഒമ്പതാം വട്ടമാണ് സൗത്ത് കൊറിയ ലോകകപ്പിന് യോഗ്യത നേടുന്നത്. ഈ നേട്ടം കെെവരിക്കുന്ന ആദ്യ ടീമെന്ന ഖ്യാതിയും ജോ ഹ്യൂന്‍ വോയുടെ ടീമിന് സ്വന്തം. ആകെ ലോകകപ്പിലെ പങ്കാളിത്തം പത്താം വട്ടം. യോഗ്യത നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ ഏഷ്യന്‍ പടയായി 1954ലാണ് സൗത്ത് കൊറിയ ആദ്യം ലോകകപ്പില്‍ എത്തിയത്.

പക്ഷേ, യൂറോപ്പിന്‍റെ കരുത്തിന് മുന്നില്‍ വമ്പന്‍ തോല്‍വികള്‍ ഏറ്റുവാങ്ങാനായിരുന്നു വിധി. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം 1986ലാണ് ലോക വേദിയില്‍ സൗത്ത് കൊറിയ എത്തുന്നത്. അന്നും ജയം സ്വന്തമാക്കാനാവാതെ മടങ്ങി. 1994ലാണ് ചെറുതെങ്കിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ സൗത്ത് കൊറിയ സ്വന്തമാക്കിയത്. സ്പെയിനെയും ബൊളീവയെയും സമനിലയില്‍ തളച്ച ടീം ജര്‍മനിയെയും കുരുക്കിലാക്കുമെന്ന് കരുതിയെങ്കിലും അതിന് സാധിച്ചില്ല.

1998ലും ലോകകപ്പില്‍ കളിച്ചെങ്കിലും വിജയങ്ങള്‍ അപ്പോഴും അകന്നു നിന്നു. 2002ലാണ് ജപ്പാനും സൗത്ത് കൊറിയയും സംയുക്തമായി ലോകകപ്പ് സംഘടിപ്പിക്കുന്നത്. അന്ന് ഗുസ് ഹിഡിങ്കിന്‍റെ പരിശീലന മികവില്‍ എത്തിയ ടീം പോളണ്ടിനെ പരാജയപ്പെടുത്തി ലോകകപ്പിലെ ആദ്യം വിജയം പേരിലെഴുതി. യുഎസ്എയെ സമനിലയില്‍ പിടിച്ചു കെട്ടി പോര്‍ച്ചുഗലിനെ അട്ടിമറിച്ച് സൗത്ത് കൊറിയ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അവിടെ കാത്തിരുന്നത് മുന്‍ ലോക ചാമ്പ്യന്മാരായ ഇറ്റലി.

അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കൊറിയ അസൂറിപ്പടയെ കെട്ടുക്കെട്ടിച്ചു. ക്വാര്‍ട്ടറില്‍ സ്പെയിനുമായുള്ള മത്സരത്തിലും ഭാഗ്യം കൊറിയക്കാരുടെ കൂടെ നിന്നു. രണ്ടു വട്ടം വല കുലുക്കിയ സ്പെയിന് റഫറി ഗോള്‍ അനുവദിച്ചില്ല. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 5-3 എന്ന സ്കോറിന്‍റെ വിജയം സൗത്ത് കൊറിയ സ്വന്തമാക്കി. അസാമാന്യ കുതിപ്പ് നടത്തിയ കൊറിയയെ സെമി ഫെെനലില്‍ ജര്‍മനിയാണ് കീഴടക്കിയത്.

സൗത്ത് കൊറിയയുടെ ഐതിഹാസിക മുന്നേറ്റം ഏഷ്യന്‍ ഫുട്ബോളിന് പുതിയ ഉണര്‍വാണ് സമ്മാനിച്ചത്. 2006ല്‍ ആദ്യ റൗണ്ടില്‍ പുറത്തായ കൊറിയ 2010 പ്രീക്വാര്‍ട്ടര്‍ വരെയെത്തി. ബ്രസീലില്‍ കഴിഞ്ഞ തവണ ഒരു വിജയം പോലും സ്വന്തമാക്കാന്‍ സാധിച്ചില്ലെങ്കിലും ഇത്തവണയും കൊറിയ പ്രതീക്ഷയിലാണ്. ജര്‍മനിയും സ്വീഡനും മെക്സിക്കോയും അടങ്ങുന്ന ഗ്രൂപ്പില്‍ 2002ല്‍ നടത്തിയ പോലൊരു കുതിപ്പ് നടത്തിയാല്‍ മാത്രമേ സൗത്ത് കൊറിയയുടെ മുന്നേറ്റം സാധ്യമാകൂ. സ്വീഡനെതിരെയുള്ള ഇന്നത്തെ മത്സരം അതിനാല്‍ ഏറെ നിര്‍ണായകമാകുന്നു.