2006ന് ശേഷം ലോകകപ്പില്‍ ആദ്യ ഗോള്‍ സ്വന്തമാക്കി സ്വീഡന്‍

റോസ്റ്റൗ: യൂറോപ്പിന്‍റെ വമ്പുമായെത്തിയ സ്വീഡനെ പിടിച്ചു കെട്ടാനിറങ്ങിയ ഏഷ്യന്‍ ശക്തികളായ സൗത്ത് കൊറിയക്ക് തോല്‍വി. ആക്രമണത്തില്‍ സ്വീഡിഷ് ആധിപത്യം കണ്ട മത്സരത്തില്‍ 65-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് സ്വീഡനെ രക്ഷിച്ചെടുത്തത്. മികച്ച സേവുകളുമായി കളം നിറഞ്ഞ് കളിച്ച കൊറിയന്‍ ഗോള്‍ കീപ്പര്‍ ജോ ഹ്യൂ വൂ പ്രകടനം സ്വീഡിഷ് നിരയെ ഗോള്‍ നേടാന്‍ അനുവദിക്കാതിരുന്നപ്പോഴാണ് പെനാല്‍റ്റിയുടെ രൂപത്തില്‍ മഞ്ഞപ്പടയെ ഭാഗ്യം തുണച്ചത്.

സൗത്ത് കൊറിയയുടെ ആക്രമണത്തോടെയാണ് കളിക്ക് തുടക്കമായത്. മൂന്നാം മിനിറ്റില്‍ തന്നെ കോര്‍ണര്‍ നേടാന്‍ ഏഷ്യന്‍ പടയ്ക്ക് സാധിച്ചു. എങ്കിലും കളി മുറുകിയതോടെ സ്വീഡന്‍ നിരവധി അവസരങ്ങള്‍ തുറന്നെടുത്തു. 20-ാം മിനിറ്റില്‍ സ്വീഡന് സുവര്‍ണാവസരം ലഭിച്ചു. സൗത്ത് കൊറിയന്‍ പ്രതിരോധ നിരയ്ക്ക് പന്ത് അടിച്ചകറ്റാന്‍ സാധിക്കാതെ പോയതോടെ എമില്‍ ഫോഴ്സ്ബെര്‍ഗിന് മുന്നില്‍ ഗോള്‍കീപ്പര്‍ മാത്രം.

പക്ഷേ, എമിലിന്‍റെ ദുര്‍ബല ഷോട്ട് ജോ ഹ്യൂ വൂവിനെ കീഴടക്കിയില്ല. വീണ്ടും തുടര്‍ച്ചയായ മുന്നേറ്റങ്ങളിലൂടെ സ്വീഡന്‍ ഗോള്‍ നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും ഭാഗ്യവും കൊറിയന്‍ ഗോള്‍ കീപ്പറിന്‍റെ അസാമാന്യ സേവുകളും ഏഷ്യന്‍ ശക്തികളെ ആദ്യ പകുതിയില്‍ രക്ഷപ്പെടുത്തി. ഫൗളുകള്‍ നിറഞ്ഞ കളി മുന്നോട്ട് പോകുന്നതിനിടയിലാണ് സ്വീഡനെ നേടി പെനാല്‍റ്റി ഭാഗ്യം എത്തുന്നത്.

വിക്ടര്‍ ക്ലാസണെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിന് ആദ്യം റഫറി ഫൗള്‍ വിധിച്ചില്ലെങ്കിലും വിഎആര്‍ സംവിധാനം ഉപയോഗിച്ച് പരിശോധിച്ചതിന് ശേഷം പെനാല്‍റ്റി അനുവദിച്ചു. നിര്‍ണാകയ പെനാല്‍റ്റി എടുക്കാന്‍ വന്ന ആന്‍ഡ്രിയാസ് ഗ്രാന്‍വിസ്റ്റ് അനായാസമായി പന്ത് വലയില്‍ എത്തിച്ചു. അത്രയും നേരം മിന്നുന്ന ഫോം കാഴ്ചവെച്ച കൊറിയന്‍ ഗോള്‍ കീപ്പര്‍ ജോ ഹ്യൂ വൂവിനെ തകര്‍ത്ത് കളഞ്ഞ നിമിഷമായിരുന്നു ഇത്.

കൊറിയന്‍ പോസ്റ്റിലേക്ക് വീണ്ടും ഗോള്‍ ശ്രമങ്ങളുമായി സ്വീഡീഷ് നിര പാഞ്ഞടുത്തു. 2006ന് ശേഷം ലോകകപ്പില്‍ ഗോള്‍ നേടാനായതിന്‍റെ ആത്മവിശ്വാസം പിന്നീടുള്ള അവരുടെ കളിയില്‍ പ്രകടമായിരുന്നു. എങ്കിലും കാര്യക്ഷമമായി പ്രവര്‍ത്തിച്ച സൗത്ത് കൊറിയന്‍ മതില്‍ സ്വീഡനെ കൂടുതല്‍ ഗോളുകള്‍ നേടാന്‍ അനുവദിച്ചില്ല. ഇരു ടീമുകളുടെയും ആവേശം നിരവധി ഫൗളുകള്‍ക്കും വഴിയൊരുക്കി.