ഉത്തര്‍പ്രദേശില്‍ സമാജ്‍വാദി പാര്‍ട്ടിയിലെ അനൈക്യം പൊട്ടിത്തെറിയിലേക്ക്. മുഖ്യമന്ത്രി അഖിലേഷ് യാദവിനെ അനുകൂലിക്കുന്ന എംഎല്‍സി ഉദയ്‍വീര്‍ സിംഗിനെ മുലായംസിംഗ് യാദവ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അതിനിടെ പിന്തുണയ്‌ക്കുന്ന 175 എംഎല്‍എമാരുടെ യോഗം അഖിലേഷ് യാദവ് ഇന്ന് വിളിച്ചുചേര്‍ത്തിട്ടുണ്ട്.
സമാജ്‍വാദി പാര്‍ട്ടിയിലെ യാദവകുടുംബത്തില്‍ ഉടലെടുത്ത മൂപ്പിളമത്തര്‍ക്കം പിളര്‍പ്പിന്‍റെ വക്കോളമെത്തി. മുലായാം സിംഗ് യാദവിന്‍റെ സഹോദരനായ ശിവ്‍പാല്‍ യാദവിനെ മുഖ്യമന്ത്രി അഖിലേഷ് യാദവിന് പകരം പാര്‍ട്ടിയുടെ അധ്യക്ഷനാക്കിയത് മുലായത്തിന്‍റെ രണ്ടാം ഭാര്യ സാദ്ന ഗുപ്തയുടെ ഗൂഢാലോചനയാണെന്ന് ചൂണ്ടിക്കാട്ടി എംഎല്‍സി ഉദയ്‍വീര്‍ മുലായത്തിന് കത്തെഴുതി. അഖിലേഷിനായി മുലായവും ശിവ്പാല്‍ യാദവും വഴിമാറിക്കൊടുക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപിയുമായി ചേര്‍ന്ന് എസ്‌പി നേതാവ് അമര്‍സിംഗും പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും ഉദയ്‍വീര്‍ ആരോപിക്കുന്നു. തുടര്‍ന്നാണ് ഉദയ്വീര്‍ സിംഗിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് മുലായം സിംഗ് പുറത്താക്കിയത്. ഉടന്‍ തന്നെ അതൃപ്തി അറിയിച്ച അഖിലേഷ് യാദവ് ഒപ്പം നില്‍ക്കുന്ന 175 എംഎല്‍എമാരുടെ യോഗം വിളിച്ചു. ആകെ 250 എംഎല്‍എമാരാണ് എസ്‌പിക്കുള്ളത്. മുലായം-ശിവ്പാല്‍ സഖ്യം പ്രഖ്യാപിച്ച അടുത്തമാസം അഞ്ചിലെ പാര്‍ട്ടിയുടെ 50ആം വാര്‍ഷികം ആഘോഷത്തില്‍ നിന്ന് അഖിലേഷ് വിട്ട് നിന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പകരം അടുത്തമാസം മൂന്നിന് സര്‍ക്കാര്‍ നേട്ടങ്ങള്‍ നിരത്തി രഥയാത്ര നടത്താനാണ് അഖിലേഷിന്‍റെ തീരുമാനം. തന്‍റെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ശിവ്പാല്‍ യാദവിന് നല്‍കിയ മുലായത്തിനെതിരെ ശിവ്പാലിന്‍റെ സുപ്രധാന വകുപ്പുകള്‍ എടുത്തുമാറ്റിയായിരുന്നു അഖിലേഷിന്‍റെ പ്രതിഷേധം.
