ബീഹാര്‍ മാതൃകയില്‍ ഉത്തര്‍പ്രദേശില്‍ മഹാസഖ്യം ഉണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടാന്‍ സമാജ് വാദി പാര്‍ടിയിലും കോണ്‍ഗ്രസിലും ധാരണ. അജിത് സിംഗിന്‍റെ ആര്‍എല്‍ഡിയും മഹാസഖ്യത്തിന്‍റെ ഭാഗമായേക്കും. നോട്ട് മാറ്റിയെടുക്കാനുള്ള ശ്രമത്തിനിടെ യുപിയില്‍ മരിച്ച 14 പേരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി അഖിലേഷ് യാദവ് ധനസഹായം പ്രഖ്യാപിച്ചു.
 
കള്ളപ്പണ വേട്ട, ദേശീയത, ഏകീകൃത സിവില്‍കോഡ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള പ്രചരണവുമായി മുന്നോട്ടുപോകുന്ന ബിജെപിയെ ബീഹാര്‍ മാതൃകയില്‍ നേരിടാനാണ് സമാജ് വാദി പാര്‍ടിയും കോണ്‍ഗ്രസും ആലോചിക്കുന്നത്. മഹാസഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. സമാജ് വാദി പാര്‍ടിക്കും കോണ്‍ഗ്രസിനുംപുറമെ, ജെഡിയു, ആര്‍ജെഡി, അജിത് സിംഗിന്‍റെ ആര്‍എല്‍ഡി പാര്‍ടിയും മഹാസഖ്യത്തിന്‍റെ ഭാഗമാകും. 403 സീറ്റുള്ള യുപിയില്‍ നിലവില്‍ 224 സീറ്റാണ് സമാജ് വാദി പാര്‍ടിക്കുള്ളത്. മായാവതിയുടെ ബിഎസ്പിയും ബിജെപിയും ഒറ്റക്ക് മത്സരിക്കുമ്പോള്‍ ശക്തമായ ത്രികോണ മത്സരത്തിനാകും യുപിയില്‍ സാധ്യത. ഒബിസി വിഭാഗത്തിലെ 17 ജാതികളെ പട്ടികജാതിയിലേക്ക് മാറ്റി അഖിലേഷ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് രംഗത്ത് ജാതി ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. തീരുമാനം വിജയിച്ചാല്‍ പട്ടിക ജാതിയിലേക്ക് പോയ വിഭാഗത്തിന്‍റെയും ഒബിസി വിഭാഗത്തില്‍ അവശേഷിക്കുന്നവരുടെ പിന്തുണ കിട്ടുമെന്ന് സമാജ് വാദി പാര്‍ടി അവകാശപ്പെടുന്നു. നോട്ട് അസാധുവാക്കല്‍ തീരുമാനം യുപിയില്‍ ബിജെപി ആഘോഷിക്കുമ്പോള്‍ നോട്ട് മാറ്റിയെടുക്കാനുള്ള ശ്രമത്തിനിടെ മരിച്ച 14 പേരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച അഖിലേഷ് യാദവ് മറുപടി നല്‍കുന്നു. ഇതിനു പുറമെ എംഎല്‍എമാരുടെ യോഗം വിളിച്ച് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രചരണം ശക്തമാക്കാനുള്ള നിര്‍ദ്ദേശവും അഖിലേഷ് യാദവ് നല്‍കി. എല്ലാ സിറ്റിംഗ് എംഎല്‍എമാര്‍ക്കും അഖിലേഷ് സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.