രാഹുൽ ഗാന്ധിയുടെ 48-ാം പിറന്നാൾ ആഘോഷം എ.ഐ.സി.സി ആസ്ഥാനത്ത് ആഘോഷങ്ങൾ കോണ്‍ഗ്രസ് പ്രതിപക്ഷത്തിനിടയിൽ ഒറ്റപ്പെടുന്നു യു.പിയിൽ കോണ്‍ഗ്രസിന് 2 സീറ്റ് മാത്രമേ ഉള്ളുവെന്ന് എസ്.പി
ദില്ലി: നാല്പ്പത്തിയെട്ടാം പിറന്നാൾ ദിനത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വലിയ വെല്ലുവിളി ഉയർത്തി സമാജ്വാദി പാർട്ടി രംഗത്തു വന്നു. ഉത്തർപ്രദേശിലെ കോൺഗ്രസ് സഖ്യം ഉപേക്ഷിക്കേണ്ടി വരുമെന്ന് എസ്പി നേതാക്കൾ സൂചന നല്കി.
രാവിലെ മുതൽ ചെണ്ടകൊട്ടും നൃത്തവുമൊക്കെയായി കോണ്ഗ്രസ് പ്രവര്ത്തകരും നേതാക്കളും രാഹുൽ ഗാന്ധിയുടെ പിറന്നാൾ ആഘോഷിച്ചു. രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയെന്ന് അവകാശപ്പെട്ടാണ് നേതാക്കളും പ്രവര്ത്തകരുമൊക്കെ മടങ്ങിയതെങ്കിലും ദേശീയതലത്തിൽ കോണ്ഗ്രസ് ഒറ്റപ്പെടുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്.
കോണ്ഗ്രസിനെ ഒഴിവാക്കി നാല് മുഖ്യമന്ത്രിമാര് ദില്ലിയിൽ അരവിന്ദ് കെജരിവാളിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തര്പ്രദേശിലും രാഷ്ട്രീയം മാറുകയാണ്. 80 സീറ്റുള്ള യു.പിയിൽ റായ്ബറേലിയും അമേഠിയുമല്ലാതെ മറ്റ് സീറ്റുകളൊന്നും കോണ്ഗ്രസിന് നൽകില്ലെന്ന് സമാദ് വാദി പാര്ടി വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസുമായി ഉണ്ടാക്കിയ സഖ്യം ഗുണം ചെയ്തില്ലെന്നാണ് എസ്.പിയുടെ വിലയിരുത്തൽ. രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനം കോൺഗ്രസിന് നല്കാനും പ്രാദേശിക പാർട്ടികൾ തയ്യാറല്ല. അതേസമയം മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കി പ്രതിപക്ഷ പാർട്ടികളിൽ നിന്നുയരുന്ന വെല്ലുവിളി മറികടക്കാം എന്നാണ് കോൺഗ്രസിൻറെ പ്രതീക്ഷ.
പിറന്നാൽ ദിനത്തിൽ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആശംസകൾ നേര്ന്നു. രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രി ആകണമെന്നായിരുന്നു അതേസമയം എൽ.കെ.അദ്വാനിയുടെ ഉപദേശകനായിരുന്ന സുധീന്ദ്ര കുൽകര്ണിയുടെ ആശംസ.
