മാഡ്രിഡ്: സ്പെയിനില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്ര രാജ്യം രൂപീകരിക്കണമെന്ന വിഷയത്തിൽ കാറ്റലോണിയ ഒക്ടോബർ ഒന്നിന് നടത്താനിരുന്ന ജനഹിതപരിശോധന സ്പാനിഷ് ഭരണഘടനാ കോടതി റദ്ദാക്കി. കാറ്റലോണിയന്‍ പ്രാദേശിക പാര്‍ലമെന്റിന്റെ തീരുമാനം ഭരണഘടന ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വോട്ടെടുപ്പ് റദ്ദാക്കിയത്. എന്നാൽ വോട്ടെടുപ്പ് നിശ്ചയിച്ച തീയതി പ്രകാരം നടത്തുമെന്ന് കാറ്റലോണിയ നേതാക്കൾ പറഞ്ഞു.
"കാറ്റലോണിയ ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് രാഷ്ട്രമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ' എന്ന ചോദ്യം ഉയർത്തിയാണ് കാറ്റലോണിയ പ്രാദേശിക പാർലമെന്റ് ഹിതപരിശോധന നടത്താൻ തീരുമാനിച്ചത്. സ്വതന്ത്ര രാജ്യമാകാനുള്ള കാറ്റലോണിയയുടെ നീക്കത്തിനെതിരെ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രഹോയി കോടതിയെ സമീപിച്ചിരുന്നു. ഒരു പ്രവിശ്യയ്ക്കും വിട്ടുപോകാന്‍ സ്പാനിഷ് ഭരണഘടന അനുമതി നൽകുന്നില്ലെന്ന് അദ്ദേഹം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
ജനസംഖ്യയും സമ്പത്തിക ശേഷിയുമുള്ള മേഖലയായ കാറ്റലോണിയ മുന്‍പും രണ്ടു തവണ സ്വതന്ത്രമാകാനുള്ള നീക്കം നടത്തിയിരുന്നെങ്കിലും സ്പെയിൻ സർക്കാരും ഭരണഘടനാ കോടതിയും തടയുകയായിരുന്നു.
