ലോകകപ്പില്‍ സ്പെയിന് ആദ്യ വിജയം 

കസാന്‍:ആദ്യപകുതിയില്‍ പൂട്ടിയിട്ട ഇറാന്‍റെ പ്രതിരോധ മികവിനെ അനുഭവപരിചയം കൊണ്ട് മറികടന്ന സ്പാനിഷ് പടയ്ക്ക് ലോകകപ്പിലെ ആദ്യ വിജയം. പൊരുതി കളിച്ച ഏഷ്യന്‍ ശക്തികളായ ഇറാനെ ഡിയാഗോ കോസ്റ്റ നേടിയ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിന്‍ മറികടന്നത്. ആദ്യ കളി ജയിച്ചെത്തിയ ഇറാന്‍ മുന്‍ ലോക ചാമ്പ്യന്മാരെ സമനിലയില്‍ പൂട്ടണമെന്ന ഉദ്ദേശ്യത്തോടെയാണ് ആദ്യ 45 മിനിറ്റും പന്ത് തട്ടിയത്.

70 ശതമാനത്തിന് മുകളില്‍ ബോള്‍ പൊസിഷന്‍ ഉണ്ടെങ്കില്‍ പോലും വിറയ്ക്കാതെ നിന്ന് ഇറാനിയന്‍ പ്രതിരോധത്തെ മുറിച്ച് അകത്ത് കടക്കാന്‍ സ്പെയിന് സാധിച്ചില്ല. നിര്‍ണായക മത്സരത്തില്‍ സ്വതസിദ്ധമായ പാസിംഗ് ഗെയിം കളിച്ചാണ് സ്പെയിന്‍ തുടങ്ങിയത്. കുറിയ പാസുകളുമായി മുന്നേറ്റം നടത്തിയ സെര്‍ജിയോ റാമോസിനെയും സംഘത്തെയും പിടിച്ചു കൊട്ടാന്‍ ഏഷ്യന്‍ കരുത്തുമായി വന്ന ഇറാന്‍ നന്നേ പണിപ്പെട്ടു.

ഒഴുക്കോടെ സ്പെയിന് കയറി പോകാനുള്ള സൗകര്യം കൊടുക്കാതെ കൃത്യമായ പ്രതിരോധമായിരുന്നു ഇറാന്‍റേത്. ചെറിയ ചില നീക്കങ്ങള്‍ ഒഴിച്ചാല്‍ പന്ത് കെെവെയ്ക്കുന്നതല്ലാതെ ഗോള്‍ ശ്രമങ്ങള്‍ സ്പെയിനും നടത്താനായില്ല. അപകടമുണ്ടാക്കുന്നില്ലെങ്കിലും പന്ത് കിട്ടാതായതോടെ ഇറാന്‍ താരങ്ങള്‍ നിരവധി ഫൗളുകളാണ് വരുത്തിയത്. 29-ാം മിനിറ്റിലാണ് അല്‍പമെങ്കിലും സ്പാനിഷ് മയമുള്ള ഒരു മുന്നേറ്റം കസാനില്‍ കണ്ടത്.

കോര്‍ണര്‍ സെറ്റ് പീസില്‍ ഇസ്കോയും ഇനിയേസ്റ്റയും ആസൂത്രണം ചെയ്ത നീക്കം ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ ഡേവിഡ് സില്‍വ ഒരു അക്രോബാറ്റിക് ശ്രമം നടത്തിയെങ്കിലും ഗോള്‍ പോസ്റ്റിന് മുകളിലൂടെ പന്ത് പറന്നു. പതുങ്ങി നിന്നെങ്കിലും 35-ാം മിനിറ്റില്‍ സ്പാനിഷ് ബോക്സിലേക്ക് ഇരച്ച് കയറിയെത്തിയ ഇറാന്‍ ലോക ചാമ്പ്യന്മാരെ ഒന്ന് ഞെട്ടിച്ചു.

റാമിന്‍ റെയ്സന്‍ ബോക്സ് ലക്ഷ്യമാക്കി നല്‍കിയ ക്രോസ് റാമോസ് ഒരുവിധം ഹെഡ് ചെയ്ത് അകറ്റി. കൂടുതല്‍ ശക്തമാക്കിയ ആക്രമണങ്ങളുമായാണ് സ്പാനിഷ് പട രണ്ടാം പകുതിയില്‍ ഇറങ്ങിയത്. 48-ാം മിനിറ്റില്‍ ഇസ്കോ എടുത്ത കോര്‍ണറില്‍ പിക്വേയുടെ ശ്രമം ഇറാന്‍ പ്രതിരോധം തട്ടിയകറ്റി. ബോക്സിന് പുറത്തെത്തിയ പന്തില്‍ സെര്‍ജിയോ ബുസ്കിറ്റസ് ഒരു കനത്ത ഷോട്ട് പായിച്ചെങ്കിലും അലി ലോംഗ് ഡെെവിലൂടെ രക്ഷപ്പെടുത്തി.

തൊട്ട് പിന്നാലെ ഇറാന്‍റെ ഒരു ഗോള്‍ ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്ത് പോയതോടെ സ്പെയിന് ആശ്വാസമായി. നിരന്തര മുന്നേറ്റങ്ങള്‍ അവസാനം സ്പെയിന് 54-ാം മിനിറ്റില്‍ ആദ്യ ഗോള്‍ സമ്മാനിച്ചു. മിഡ്ഫീല്‍ഡ് ജീനിയസ് ആന്ദ്രേ ഇനിയേസ്റ്റക്കാണ് ഗോളിന്‍റെ മുഴുവന്‍ മാര്‍ക്കും നല്‍കേണ്ടത്. മനോഹരമായി ഇറാനിയന്‍ താരങ്ങളെ വെട്ടിച്ച് എത്തിയ ഇനിയേസ്റ്റ ബോക്സിനുള്ളില്‍ കാത്തുനിന്ന ഡിയാഗോ കോസ്റ്റയ്ക്ക് പന്ത് നീട്ടി നല്‍കി.

ഒന്ന് വെട്ടിത്തിരിഞ്ഞ് വന്നപ്പോള്‍ ഇറാന്‍ താരം എടുത്ത ഷോട്ട് കോസ്റ്റയുടെ കാലില്‍ തട്ടി വലയിലേക്ക് കയറി. അത്രയും നേരം പ്രതിരോധത്തില്‍ ഊന്നി കളിച്ച ഇറാന്‍ ഇതോടെ ആക്രമണവും നടത്തി തുടങ്ങി. 62-ാം മിനിറ്റില്‍ ഫ്രികിക്കിനൊടുവില്‍ ഇറാന്‍ സ്പാനിഷ് വലകുലുക്കിയെങ്കിലും വിഎആര്‍ ഉപയോഗിച്ചപ്പോള്‍ ഓഫ്സെെഡ് ആണെന്ന് വ്യക്തമായി.

70-ാം മിനിറ്റില്‍ സ്പെയിന്‍ തങ്ങളടെ രണ്ടാമത്തെ ഗോളിന് അടുത്ത് വരെയെത്തി. പക്ഷേ, റാമോസിന്‍റെ ഷോട്ട് ഗോള്‍ ലെെന്‍ കടന്നില്ല. 75-ാം മിനിറ്റില്‍ ഇറാനും സ്പാനിഷ് ബോക്സിന് അകത്ത് ഒരു മിന്നല്‍ ആക്രമണം നടത്തിയെങ്കിലും അവരുടെ ഗോള്‍ എന്ന സ്വപ്നത്തെ നേടിയെടുക്കാന്‍ സാധിച്ചില്ല. 82-ാം മിനിറ്റിലാണ് ഏഷ്യന്‍ കരുത്ത് നിറഞ്ഞ ഒരു മുന്നേറ്റം ഇറാന്‍ നടത്തുന്നത്.

പേരുകേട്ട സ്പാനിഷ് പ്രതിരോധ നിരയിലെ ശക്തനായ ജെരാദ് പിക്വയെ കാഴ്ചക്കാരനാക്കി മറികടന്ന അമീരി നല്‍കിയ ക്രോസില്‍ തരേമി ചാടി തലവെച്ചെങ്കിലും പോസ്റ്റിന് തൊട്ട് മുകളിലൂടെ പുറത്തേക്ക് പോയി. വിജയം നേടിയതോടെ ബി ഗ്രൂപ്പില്‍ പോര്‍ച്ചുഗലിനൊപ്പം സ്പെയിനും ഒന്നാം സ്ഥാനത്ത് എത്തി.