ഇരുടീമുകളും ഇതുവരെ മുഖാമുഖം വന്നത് 36 തവണ 18 തവണ സ്പാനിഷ് ടീം ജയിച്ചപ്പോൾ പോര്‍ച്ചുഗല്‍ ജയിച്ചത് ആറ് തവണ

മോസ്കോ: ചിരവൈരികളായ സ്പെയിനും പോര്‍ച്ചുഗലും ലോകകപ്പ് വേദിയിൽ മുഖാമുഖം വരുന്നത് ഇത് രണ്ടാം തവണ. 2010 ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറിൽ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് മുന്നേറിയ സ്പെയിൻ കിരീടവുമായാണ് മടങ്ങിയത്. രാജ്യാന്തര മത്സരങ്ങളുടെ ചരിത്രം നോക്കിയാലും പോര്‍ച്ചുഗലിന് മേൽ സ്പാനിഷ് ടീമിനാണ് മുന്‍തൂക്കം.

അയല്‍ക്കാരെങ്കിലും സ്പെയിനും പോര്‍ച്ചുഗലും തമ്മിൽ കളത്തിന് അകത്തും പുറത്തും കടുത്ത ശത്രുതയാണ്. കളിയാരാധകര്‍ ഐബെരിയൻ ഡര്‍ബിയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന പോരിന് തുടക്കം 1921ല്‍. മാഡ്രിഡില്‍ ഇരു ടീമുകളും ആദ്യമായി അങ്കത്തിനിറങ്ങിയപ്പോൾ 3-1 ന് സ്പെയിന്‍ വിജയിച്ചു. പോര്‍ച്ചുഗലിന്‍റെ ആദ്യ ജയം 1947ൽ, സൗഹൃദമത്സരത്തില്‍സ്പെയിനിനെ മുട്ടുകുത്തിച്ചത് ഒന്നിനെതിരെ നാല് ഗോളിന്. 

ഇരുടീമുകളും ഇതുവരെ മുഖാമുഖം വന്നത് 36 തവണ. 28 ഉം സൗഹൃദമത്സരങ്ങള്‍. 18 തവണ സ്പാനിഷ് ടീം ജയിച്ചപ്പോൾ പറങ്കിപ്പട വിജയക്കൊട്ടി പാറിച്ചത് ആറ് തവണ മാത്രം. സൗഹൃദ മത്സരത്തിനപ്പുറം ആദ്യം ഏറ്റുമുട്ടിയത് രണ്ടാം ലോകകപ്പിന്‍റെ യോഗ്യതാ റൗണ്ടിൽ. ആദ്യ പാദത്തിൽ ഏകപക്ഷീയമായ ഒൻപത് ഗോളിന്‍റെ വിജയം ആഘോഷിച്ച സ്പെയിൻ, ലിസ്ബനിലും പറങ്കികളെ വെറുതെ വിട്ടില്ല.

1950 ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും സ്പെയിനിന് മുന്നില്‍പോര്‍ച്ചുഗൽ തല കുനിച്ചു. 1984 ലെ യുറോ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ 1-1 ന് സമനില. 2004 യൂറോയിൽ എതിരില്ലാത്ത ഒരു ഗോളിന് പോര്‍ച്ചുഗല്‍ വിജയിച്ചു. ഒരു പ്രമുഖ ടൂര്‍ണമെന്‍റിൽ സ്പെയിനിനെതിരെ പോര്‍ച്ചുഗൽ നേടിയ ഏക ജയവും ഇതാണ്. 2012 യൂറോകപ്പിന്‍റെ സെമിഫൈനലിൽ ഷൂട്ടൗട്ടിലാണ് സ്പാനിഷ് സംഘം മുന്നേറിയത്. 2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ ഡേവിഡ് വിയ്യയുടെ ഗോൾ വഴിത്തിരിവായി.