ലൂക്ക മോഡ്രിച്ചിനും സംഘത്തിനും അവസാന എട്ടിലെത്താൻ സുവർണാവസരമെന്ന് വിലയിരുത്തൽ

മോസ്കോ: യൂറോപ്യൻ ടീമുകളുടെ പോരാട്ടമാണ് ലോകകപ്പ് പ്രീ ക്വാർട്ടറില്‍ ഇന്ന്. മുൻ ചാംപ്യൻമാരായ സ്പെയിനും ആതിഥേയരായ റഷ്യയും തമ്മിലാണ് ആദ്യ മത്സരം. കറുത്ത കുതിരകളായി മാറിയ ക്രൊയേഷ്യക്ക് ഡെൻമാർക്കാണ് എതിരാളികൾ.

സ്പെയിൻ ആശ്വസിക്കുന്നുണ്ടാവണം. ഉറുഗ്വായ്ക്ക് മുന്നിൽപ്പെട്ട പോർച്ചുഗലിനെ ഓർത്ത്. ഗ്രൂപ്പിൽ വിയർത്ത് നേടിയ ഒന്നാം സ്ഥാനം സ്പെയിനിന് നൽകിയത് ആതിഥേയരുമായി പ്രീ ക്വാർട്ടർ പോരാട്ടമാണ്. എന്നാൽ ലുഷ്നിക്കിയിൽ സൗദി അറേബ്യയെ ഗോളിൽ മുക്കി തുടങ്ങിയ റഷ്യക്ക് അതേ മൈതാനത്ത് തടയിടാൻ മുൻ ചാംപ്യൻമാർക്ക് ചിലതൊക്കെ തിരുത്താനുണ്ട്.

ലോകകപ്പിലും യൂറോ കപ്പിലുമായി എട്ട് തവണ സ്പെയിൻ ആതിഥേയ ടീമുകളോട് മത്സരിച്ചിട്ടുണ്ട്. ഒന്നും ജയിച്ചിട്ടില്ല.. കടലാസിൽ മുൻതൂക്കമുണ്ടെങ്കിലും ചരിത്രം ഫെർണാണ്ടോ ഹിയറോയുടെ ടീമിന് വെല്ലുവിളിയായി അവശേഷിക്കുകയാണ്. പോർച്ചുഗലിനോട് വീരോചിത സമനിലയിൽ പിരിഞ്ഞ ശേഷം ഇറാനോടും മൊറോക്കോയോടും പാടുപെട്ടാണ് സ്പെയിൻ രക്ഷപ്പെട്ടത്.

ഇനിയേസ്റ്റയുടെ മധ്യനിരയും കോസ്റ്റ നയിക്കുന്ന മുന്നേറ്റവുമല്ല , തുറന്നുകിടക്കുന്ന പ്രതിരോധമാണ് വെല്ലുവിളി. റാമോസും പിക്വേയും ഫോമിലേക്കുയർന്നിട്ടില്ല. മികച്ച ആക്രമണ നിരയുളള റഷ്യ ഈ വിടവിലാണ് കണ്ണുവെക്കുന്നത്. അലക്സാണ്ടർ ഗോളോവിൻ മെനയുന്ന റഷ്യൻ മുന്നേറ്റങ്ങൾക്ക് ചെറിഷേവിന്‍റെയും സ്യൂബയുടേതുമാണ് അവസാന ടച്ച്. ഈജിപ്ത്,സൗദി ടീമുകൾക്കെതിരെ ജയിച്ചെങ്കിലും ആദ്യമായി പരീക്ഷിക്കപ്പെട്ടപ്പോൾ ഉറുഗ്വായോട് എതിരില്ലാത്ത മൂന്ന് ഗോളിന് തകർന്നിരുന്നു റഷ്യ. അട്ടിമറി സ്വപ്നം നടക്കണമെങ്കിൽ അവസാന മത്സരത്തിലെ പിഴവുകൾ ആവർത്തിക്കാതിരിക്കണം ആതിഥേയർക്ക്. 

അതേസമയം രണ്ടാം പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്ന ക്രൊയേഷ്യ ഓരോ മത്സരത്തിലും മൂർച്ച കൂട്ടുകയാണ്. അർജന്‍റീനയും നൈജീരിയയും ഐസ്‍ലൻഡും വീണ ക്രൊയേഷ്യൻ ആക്രമണത്തിന് മുന്നിലേക്ക് ഡെൻമാർക്കിന്‍റെ ഊഴം. ടൂർണമെന്‍റിലെ മികച്ച മധ്യനിരയെന്ന് തെളിയിച്ച ലൂക്ക മോഡ്രിച്ചിനും സംഘത്തിനും അവസാന എട്ടിലെത്താൻ സുവർണാവസരമെന്ന് വിലയിരുത്തൽ.

എന്നാൽ ഗോൾ വഴങ്ങാൻ മടിക്കുന്ന ഡെൻമാർക്ക് അവസാനം വരെ പൊരുതാനുറച്ചാണ്. പ്രീ ക്വാർട്ടറിലെത്തിയ ടീമുകളിൽ ഏറ്റവും കുറവ് ഗോൾ നേടിയതും ഡെൻമാർക്കാണ്. രണ്ട് ഗോളുകള്‍ മാത്രമാണ് അവര്‍ വഴങ്ങിയതെന്നത് ക്രൊയേഷ്യയ്ക്കും വെല്ലുവിളിയാകും.