നിയമസഭയില്‍ പുലിയുടെ മുരള്‍ച്ച; അമ്പരന്ന് മുഖ്യമന്ത്രിയും സ്പീക്കറും

First Published 8, Mar 2018, 10:00 AM IST
Speaker heard leopard sound in assembly
Highlights

മുഖ്യമന്ത്രിയും സ്പീക്കറും പറഞ്ഞതിന് പിന്നാലെ സഭാംഗങ്ങള്‍ ശബ്ദം കേള്‍ക്കാനായി ചെവി കൂര്‍പ്പിച്ചു. അപ്പോഴും പുലി മരുളുന്ന ശബ്ദം കേള്‍ക്കുന്നുവെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചു

തിരുവനന്തപുരം: പൂഞ്ഞാര്‍ പുലി അടക്കം നിയമസഭയില്‍ പുലികളായി പലരുമുണ്ടെങ്കിലും ഇത്തരമൊരു ശബ്ദം ആദ്യമായിരുന്നു. ആ ശബ്ദം കേട്ട് അമ്പരന്നതോ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും അടക്കമുള്ളവരും. ഇന്നലെ നിയമസഭയില്‍ ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞ് തുടങ്ങിയതിന് പിന്നാലെയാണ് ഒരു ശബ്ദം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു. പുലി മുരളുന്നതുപോലൊരു ശബ്ദം കേള്‍ക്കുന്നുണ്ടല്ലോ എന്ന് സ്പീക്കര്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയും അത് ശരിവെച്ചു. ശരിയാണ്, ഞാനും കേള്‍ക്കുന്നുണ്ട് സര്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രിയും സ്പീക്കറും പറഞ്ഞതിന് പിന്നാലെ സഭാംഗങ്ങള്‍ ശബ്ദം കേള്‍ക്കാനായി ചെവി കൂര്‍പ്പിച്ചു. അപ്പോഴും പുലി മരുളുന്ന ശബ്ദം കേള്‍ക്കുന്നുവെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചു. അല്‍പസമയത്തിനകം ശബ്ദം നിലക്കുകയും മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു. സഭയിലെ ഉറക്കത്തിനിടിയില്‍ അംഗങ്ങളാരോ ഉറക്കത്തില്‍ കൂര്‍ക്കം വലിച്ചപ്പോള്‍ കേട്ട ശബ്ദമായിരുന്നു പുലിയുടെ മുരള്‍ച്ചയായി കേട്ടതെന്നാണ് മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെ ഗ്രനേഡുമായി സഭയിലെത്തി മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്ത സൃഷ്ടിച്ചതിന് പിന്നാലെയാണ് ഈ പുലി മുരള്‍ച്ചയും എന്നത് ശ്രദ്ധേയമായി.

loader