കെ.എം.ഷാജിയെ നിയമസഭയിൽ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ. രേഖാമൂലം അറിയിപ്പ് കിട്ടിയാൽ മാത്രമേ സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ പറ്റൂ. സുപ്രീംകോടതി പരാമർശം വാക്കാൽ ഉള്ളതെന്നും സ്പീക്കർ. 

തിരുവനന്തപുരം: കെ.എം ഷാജിയെ നിയമസഭയിൽ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സുപ്രീംകോടതിയുടെ വാക്കാൽ ഉള്ള പരാമർശം വിധി ആയി കണക്കാക്കാൻ പറ്റില്ല. രേഖാമൂലം അറിയിപ്പ് കിട്ടിയാൽ മാത്രമേ നിയമസഭ സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ പറ്റൂ എന്നും സ്പീക്കർ വ്യക്തമാക്കി. ഹൈക്കോടതി വിധിയാണ് തങ്ങളുടെ മുന്നിലുള്ളതെന്നും സ്പീക്കര്‍ വിശദീകരിച്ചു

എംഎൽഎ സ്ഥാനത്തുനിന്ന് ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്ന് വാക്കാല്‍ സുപ്രീംകോടതി പറഞ്ഞത് തള്ളി സ്പീക്കര്‍ രംഗത്തെത്തിയിരുന്നു. സ്പീക്കറുടെ പരാമര്‍ശത്തിനെതിരെ എംകെ മുനീര്‍ അടക്കമുള്ള ലീഗ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ പ്രതികരണം അസ്ഥാനത്തായിപ്പോയെന്ന് കെ.എം.ഷാജിയും പ്രതികരിച്ചിരുന്നു. 

കോടതിയുടെ വാക്കാൽ പരാമര്‍ശം കൊണ്ട് ഷാജിക്ക് നിയമസഭയിൽ എത്താൻ സാധിക്കില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞ‍ത്. കേസ് വേഗം പരിഗണിക്കണമെന്ന് രാവിലെ കെ.എം.ഷാജിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങൾ. ഒരു തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുമ്പോൾ ഇറക്കുന്ന ഉത്തരവ് തന്നെ ഈ കേസിലും ഉണ്ടാകുമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, അതുപ്രകാരം കെ.എം.ഷാജിക്ക് എം.എൽ.എയായി നിയമസഭയിൽ എത്താൻ തടസമില്ലെന്ന് പറഞ്ഞു. 

തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വര്‍ഗീയ പ്രചരണം നടത്തിയെന്ന് ആരോപിച്ച് എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി.നികേഷ്കുമാര്‍ നൽകിയ ഹര്‍ജിയിലാണ് കെഎം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്.