ഹരിയാന: അനുയായിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങിന് ജയിലിലും സർക്കാർ വക വിഐപി പരിഗണന. ബലാത്സംഗക്കേസിൽ സിബിഐ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് റോഹ്തക് ജയിലിലേക്ക് മാറ്റിയ ഗുർമീത് റാം റഹീമിൻ്റെ ജയിലിലേക്കുളള യാത്ര അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്ററിലായിരുന്നു.
ജയലിൽ പ്രത്യേക സെല്ലാണ് ഗുർമീതിന് നൽകിയിരിക്കുന്നത്. കൂടാതെ കുടിക്കാൻ മിനറൽ വെളളവും കഴിക്കാൻ കിറ്റ് കാറ്റ് ചോക്ലേറ്റും. കൂടെ ജയിലിൽ സഹായിയായി സുന്ദരിയായ പേർസണൽ സെക്രട്ടറിയുമുണ്ടന്നാണ് റിപ്പോർട്ട്. ശരിക്കും വിഐപി പരിഗണനയാണ് ബിജെപി ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍ ഗുര്‍മീതിന് നല്‍കിയിരിക്കുന്നത്.
അനുയായിയായ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലാണ് റാം റഹീം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2002ൽ ആണ് പീഡനം നടന്നത്. റാം റഹീം നാടകീയമായിട്ടാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം വിധി കേൾക്കാനായി കോടതിയിലെത്തിയത്. 200 കാറുകളുടെ അകമ്പടിയോടെ സിർസയിൽ നിന്ന് 250 കിലോമീറ്ററോളം ബുള്ളറ്റ് പ്രൂഫ് കാറിൽ യാത്ര ചെയ്തായിരുന്നു ഇയാൾ കോടതിയിലെത്തിയത്.
ഹെലികോപ്ടറിൽ റോഹ്തകിലെത്തിച്ച ശേഷം ഒരു പോലീസ് ഗസ്റ്റ് ഹൗസ് താൽക്കാലിക ജയിലാക്കി മാറ്റിയാണ് ഗുർമീത് റാം റഹീമിനെ താമസിപ്പിച്ചത്. പിന്നീട് വൈകുന്നേരത്തോടെയാണ് ജയിലിലേക്ക് മാറ്റിയത്. വെളുത്ത വസ്ത്രമണിഞ്ഞ് നീണ്ട മുടി അഴിച്ച നിലയിലായിരുന്നു ഗുർമീത് വെള്ളിയാഴ്ച കോടതിയിലെത്തിയത്. വിധി കേൾക്കുന്ന സമയം കണ്ണടച്ചായിരുന്നു ഗുർമീത് നിന്നത്.
വിധി വന്നതിനുശേഷം ആയിരക്കണക്കിന് അനുയായികൾ വ്യാപക അക്രമങ്ങളാണ് നടത്തിയത്. വാഹനങ്ങൾക്കും കടകൾക്കും അക്രമികൾ തീവെച്ചു. അക്രമത്തിൽ 35 പേർ മരിച്ചു. 250ലേറെപേർക്ക് പരിക്കേറ്റു. ദില്ലിയിലും രാജസ്ഥാനിനും പുറമെ പഞ്ചാബിലും ഹരിയാനയിലും അക്രമങ്ങൾ തുടരുന്നു. കനത്ത ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.
