ശബരിമലയിൽ നിലവിൽ യുവതീപ്രവേശനത്തെ എതിർക്കുന്നവർ കൂടുതൽ സജ്ജരായി നിൽക്കുന്നുവെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണർ
കൊച്ചി: മകരവിളക്ക് അടുത്ത സാഹചര്യത്തില്‍ യുവതികള്‍ ശബരിമലയില്‍ എത്തിയാല്‍ സുരക്ഷയൊരുക്കുന്നത് കൂടുതല്‍ പ്രയാസകരമായി മാറുമെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയിയില്‍. ബിന്ദുവും കനകദുർഗയും സാന്നിധാനത്ത് ദർശനം നടത്തിയ പശ്ചാത്തലത്തിൽ ഹൈക്കോടതി നിർദേശപ്രകാരം ശബരിമല സ്‌പെഷ്യല്‍ കമ്മീഷണർ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചു. ശബരിമലയിൽ നിലവിൽ യുവതീപ്രവേശനത്തെ എതിർക്കുന്നവർ കൂടുതൽ സജ്ജരായി നിൽക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
അതേസമയം ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി യുവതികള്‍ മല കയറിയ സംഭവത്തില്‍ രഹസ്യ അജന്‍ഡയുണ്ടായിരുന്നോ എന്ന് ചോദിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ വിശ്വാസികളാണോ എന്നും എന്തെങ്കിലും തെളിയിക്കാനായാണോ അവര്‍ അവിടെ വന്നതെന്നും ഹൈക്കോടതി ചോദിച്ചു. ഇവര്‍ വിശ്വാസികളാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ഇക്കാര്യത്തില്‍ വിശദമായ വിശദീകരണം രേഖമൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എല്ലാ വിവരങ്ങളും പേപ്പറില്‍ കാണണമെന്നായിരുന്നു എജിയോടുള്ള ഹൈക്കാടതിയുടെ വാക്കാലുള്ള പരാമര്‍ശം.
