റായ്‌പുര്‍: ഛത്തീസ്‌ഗഢില്‍ പതിനഞ്ചോളം മാവോയിസ്റ്റുകളെ വധിച്ചതായി സി ആര്‍ പി എഫ് വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായാണ് പതിനഞ്ചോളം മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചത്. ഏറ്റുമുട്ടലില്‍ ഒരു സി ആര്‍ പി എഫ് ജവാന്‍ മരിക്കുകയും മറ്റു രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉള്‍വനത്തില്‍ നടന്ന ഏറ്റുമുട്ടലായതുകൊണ്ട് കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ മൃതദേഹം പുറത്തെത്തിക്കാനായിട്ടില്ലെന്നും സി ആര്‍ പി എഫ് വ്യക്തമാക്കി. മാവോയിസ്റ്റ് വേട്ടയ്‌ക്കായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള പ്രത്യേക ദൗത്യസേനയാണ് പതിനഞ്ചോളം മാവോയിസ്റ്റുകളെ വധിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് സുക്‌മയില്‍ ഇരുപത്തിയഞ്ചോളം സി ആര്‍ പി എഫ് ജവാന്‍മാരെ മാവോയിസ്റ്റുകള്‍ വധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മാവോയിസ്റ്റ് പ്രവര്‍ത്തകരെ നേരിടുന്ന പ്രത്യേക ദൗത്യസേനയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയത്.