ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹർ അക്രമത്തിൽ സൈനികന്റെ പങ്ക് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നു. ജമ്മുകശ്‍മീരിലെ കരസേനയിലെ സൈനികനായ  ജീത്തുവിന്റെ പങ്കാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്. അക്രമ ദൃശ്യങ്ങളിൽ ജീത്തുവിന്റെ സാന്നിധ്യം  പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സൈന്യവുമായി ബന്ധപ്പെട്ടു. ജീത്തു കാര്‍ഗിലിലാണ് ഇപ്പോള്‍ ഉള്ളത്. ജീത്തുവിന്റെ കുടുംബാഗങ്ങളെ പൊലീസ് ചോദ്യം ചെയ്തു. അതേസമയം സുബോധ് കുമാര്‍ സിങ് ഉള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന. 

കേസില്‍ യുവമോര്‍ച്ചാ നേതാവ് ശിഖര്‍ അഗര്‍വാള്‍ ഉൾപ്പടെയുള്ളവർ പിടിയിലായിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഇന്നലെ രാത്രി ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു.