ദുബായ്: യു.എ.ഇയിലെ ക്രിസ്മസ് വിപണിയില്‍ വ്യത്യസ്ത തരം സാന്റാക്ലോസുകളാണ് ഇപ്പോഴുള്ളത്. വയലിന്‍ വായിക്കുകയും സാക്‌സോഫോണ്‍ ഊതുകയും ചെയ്യുന്ന സാന്റകള്‍ മുതല്‍ കഷണ്ടിക്കാരന്‍ സാന്റവരെ വില്‍പ്പനയ്ക്കുണ്ട്.

ക്രിസ്മസിന് ഒഴിച്ചു കൂടാന്‍ പറ്റാത്തതാണ് സാന്റാക്ലോസ് രൂപങ്ങള്‍. അതുകൊണ്ട് തന്നെ സാന്റാക്ലോസിന്റെ വില്‍പ്പനയും പൊടിപൊടിക്കുന്നു. വേറിട്ടതരം സാന്റകളാണ് യു.എ.ഇ വിപണിയിലുള്ളത്. ഭാണ്ഡം നിറയെ സമ്മാനങ്ങളുമായി നില്‍ക്കുന്ന പതിവ് സാന്റ. വയലിന്‍ വായിക്കുന്ന സാന്റ, സാക്‌സോഫോണുമായുള്ള സാന്റ.

ഈ വെളുത്ത താടിക്കാരന്‍ ഒരിടത്ത് ഡ്രമ്മറാണ്. പതിവായുള്ള ചുവന്ന നീളന്‍ കുപ്പായത്തില്‍ നിന്ന് മാറി സ്വര്‍ണ്ണ ഡിസൈനുകളുമായുള്ള കുപ്പായമണിഞ്ഞ സാന്റയുമുണ്ട്. നീളന്‍ തൊപ്പി വയ്ക്കാതെ തന്റെ കഷണ്ടിയും കാണിച്ച് നില്‍ക്കുന്ന സാന്റകളും വിപണിയില്‍. വലിപ്പത്തില്‍ തീരെ കുഞ്ഞനായ സാന്റാക്ലോസ് മുതല്‍ ഒരാളുടെ യഥാര്‍ത്ഥ വലിപ്പമുള്ളവ വരെ വിപണിയില്‍ ലഭ്യമാണ്. പത്ത് ദിര്‍ഹം മുതല്‍ 2600 ദിര്‍ഹം വരെയാണ് വില.