കണ്ണൂർ: ശ്രീകൃഷ്ണ ജയന്തിയും ചട്ടമ്പിസ്വാമി ജയന്തി ദിനാഘോഷങ്ങളോടനുബന്ധിച്ച് ജില്ലയിലെ പത്തിടങ്ങളിൽ പൊലീസിന്‍റെ ജാഗ്രതാ നിർദേശം. ചട്ടമ്പി സ്വാമി ദിനാഘോഷത്തിന് സിപിഐഎമ്മും ,ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കായി ആർഎസ്എസും തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ജാഗ്രതാനിര്‍ദ്ദേശം.

ശ്രീകൃഷ്ണജയന്തി ദിവസം സമാന്തരമായി ചട്ടമ്പി സ്വാമി ജയന്തി ആഷോഘിക്കുന്ന സിപിഐഎം സംസ്ഥാനത്തൊട്ടാകെ രണ്ടായിരം കേന്ദ്രങ്ങളിലാണ് സാംസ്കാരിക ഘോഷയാത്രകൾ സംഘടിപ്പിക്കുന്നത്. ശ്രീകൃഷ്ണജയന്തി ആഘോഷമല്ല,അഞ്ച് ദിവസം നീളുന്ന വർഗീയ വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടാണ് ഘോഷയാത്രയെന്ന് സിപിഐഎം വിശദീകരിക്കുന്നു. ഓരോ ലോക്കൽ കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ കണ്ണൂരില്‍ ഇത്തവണ ഇരുനൂറിലധികം കേന്ദ്രങ്ങളിലാണ് ബുധനാഴ്ച വൈകീട്ട് പരിപാടി.

അത്രയും തന്നെ കേന്ദ്രങ്ങളിൽ ബാലഗോകുലം ശ്രീകൃഷ്ണജയന്തി ശോഭായാത്രകൾ നടത്തുന്നുണ്ട്. ഇത് സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാനുളള ജാഗ്രതിയിലാണ് പൊലീസ്. പയ്യന്നൂരിലെ കൊലപാതകങ്ങളും നേതാക്കളുടെ വിവാദ പ്രസംഗങ്ങളുമടക്കം സമീപകാലത്തുണ്ടായ സിപിഐഎം - ആർഎസ്എസ് ഏറ്റുമുട്ടലുകളുടെ പശ്ചാത്തലിലാണ് കനത്തസുരക്ഷയൊരുക്കുന്നത്.

നൂറ് സായുധ സേനാംഗങ്ങളെ അധികമായി ജില്ലയിലെത്തിക്കും. തലശ്ശേരി,മട്ടന്നൂർ,പയ്യന്നൂർ,ചക്കരക്കൽ മേഖലകളിൽ അതിജാഗ്രതാ നിർദേശമുണ്ട്. വ്യത്യസ്ത സമയക്രമം അനുവദിച്ചുളള പൊലീസ് നിർദേശം പ്രായോഗികമാകുമെന്ന് ഉറപ്പില്ല. അതുകൊണ്ടുതന്നെ വ്യത്യസ്ത വഴികളിലൂടെ ഘോഷയാത്രകൾ ക്രമീകരിച്ചിട്ടുണ്ട്. അനുമതി നൽകാത്ത ഇടങ്ങളിൽ പ്രകടനങ്ങളോ ഘോഷയാത്രകളോ നടത്തിയാൽ വാഹനങ്ങളടക്കം പിടിച്ചെടുക്കാനാണ് പൊലീസിനുളള നിർദേശം.