സംസ്ഥാനത്ത് ഗുണ്ടാ ആക്രമങ്ങളും ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനവും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഗുണ്ടാ സ്ക്വാഡ് രൂപീകരിക്കുന്നത്. പൊലീസ് ആസ്ഥാനം കേന്ദ്രീകരിച്ചാകും ഗുണ്ടാ സ്ക്വാഡിന്റെ പ്രവര്‍ത്തനം. എല്ലാ ജില്ലകളില്‍ നിന്നും തെരഞ്ഞടുക്കുന്ന പൊലീസുകാര്‍ക്ക് പ്രത്യേക പരീശീലനം നല്‍കും. അടുത്ത മാസം ഒന്നു മുതല്‍ സ്ക്വാഡിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഡി.ജി.പി പറഞ്ഞു.

ജനുവരി മാസത്തോടെ ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യുകയാണ് ലക്ഷ്യമെന്ന് ഡി.ജി.പി പറഞ്ഞു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളും‍, ഗുണ്ടകളും ഉള്‍പ്പെട്ട കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്. ചില സ്ഥലങ്ങളില്‍ പൊലീസുകാരും ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷണത്തില്‍ ഈ ബന്ധം സ്ഥിരീകരിച്ചാല്‍ പൊലീസുകാരെയും കേസില്‍ പ്രതികളാക്കും. കാപ്പാ നിയമവും ഫലപ്രദമായി നടപ്പാക്കും. സര്‍ക്കാരില്‍ നിന്നും പൂര്‍ണ സ്വതന്ത്രമാണ് ഇക്കാര്യത്തിലുള്ളതെന്നും, ഗുണ്ടാവേട്ടയുടെ പേരില്‍ മൂന്നാംമുറ അനുവദിക്കില്ലെന്നും ഡി.ജി.പി പറഞ്ഞു.