എസ്ഐയുടെ ഭാഗത്ത് ഗുരുതരവീഴ്ച കെവിനെ ആക്രമിച്ചതറിഞ്ഞും മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസ് അനങ്ങിയത്

കോട്ടയം: കെവിനെ ആക്രമിച്ചതറ‌ിഞ്ഞ്, 15 മണിക്കൂറിന് ശേഷമാണ് പൊലീസ് അന്വേഷണം തുടങ്ങിയതെന്ന് പ്രത്യേക അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് പൊലീസുകാരെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തു. എന്നാൽ തട്ടിക്കൊണ്ടു പോകലിനെക്കുറിച്ച് തെന്മല പൊലീസിനെ ഉൾപ്പടെ എഎസ്ഐ അറിയിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിന് വിവരം കിട്ടി.

പുലർച്ച ഒരു മണിക്ക് കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയ വിവരം മൂന്നരക്ക് തന്നെ നാട്ടുകാർ പൊലീസ് അറിയിച്ചിരുന്നു. അപ്പോൾ പട്രോളിംഗിലുണ്ടായിരുന്ന എഎസ്ഐ ബിജു മാന്നാനത്തെത്തി. ഇവിടെ വച്ച ഷാനുവിന്റ അച്ഛൻ ചാക്കോയെ എഎസ്ഐ വിളിച്ചു. തലേദിവസം ചാക്കോ ഗാന്ധിനഗർ സ്റ്റേഷനിലെത്തിയപ്പോഴാണ് നമ്പർ വാങ്ങിയത്.

ചാക്കോക്കും ഇതിൽ പങ്കുണ്ടെന്ന് മനസിലായ എഎസ്ഐ ഉടൻ തെന്മല സ്റ്റേഷനെ അറിയിച്ചു. അവർ ഉടൻ വീട്ടിലെത്തിയെങ്കിലും പൂട്ടിയ നിലയിലായിരുന്നു. ഇതിനിടെ പുലർച്ചെ അഞ്ച് മണിക്ക് എസ്ഐ ഷിബുവിനെയും ഉന്നതഉദ്യോഗസ്ഥരെയും എഎസ്ഐ ബിജു വിവരമറിയിച്ചു. കെവിന്റെ ബന്ധുക്കൾ ആറുമണിക്കും 9 മണിക്ക് നീനുവും പൊലീസ് സ്റ്റേഷനിലെത്തി. പതിനൊന്നരക്ക് അനീഷ് സ്റ്റേഷനിലെത്തിയപ്പോഴാണ് മൊഴി രേഖപ്പെടുത്താൻ തയ്യാറായത്. 

ഷാനു ഉൾപ്പടെയുള്ളവർ അപ്പോൾ കോട്ടയത്തുണ്ടെന്ന് അനീഷ് പൊലീസിനെ അറിയിച്ചെങ്കിലും എസ്ഐ ഷിബു അന്വേഷണം ഒരു ഘട്ടത്തിലും ഏകോപിപ്പിച്ചില്ല. എന്നാല്‍ എഎസ്ഐയുടെ ഏകോപനം കൃത്യമായിരുന്നുവെന്ന വിലയിരുത്തിയതിനാലാണ് മദ്യപിച്ച് വാഹനമോടിച്ചതിന് പിടിച്ച ഷാനുവിൽ നിന്നും എഎസ്ഐയും ഡ്രൈവറും കൈക്കൂലി വാങ്ങിയ കേസിൽ മാത്രം അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതികൾക്കെതിരെ കൊലപാതകം തട്ടിക്കൊണ്ടുപോകൽ സംഘം ചേർന്ന് ആക്രമണം ഗൂഡാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടത്തിയെന്ന് റിമാൻറ് റിപ്പോർട്ടിൽ വ്യക്തമല്ല.

അതേസമയം സമൂഹത്തിൽ ആശങ്കയുണ്ടാക്കുന്ന സംഭവാണ് കെവിന്റെ കൊലപാതകമെന്ന് ഷാനു ചാക്കോയെയും ചാക്കോയെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു കൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിച്ചു