ന്യൂഡല്‍ഹി: കാവേരി തർക്കത്തിൽ കർണാടകയിൽ അക്രമസംഭവങ്ങൾ നടക്കുന്ന സാഹചര്യത്തിൽ മലയാളികൾക്ക് നാട്ടിലെത്താൻ ബംഗലുരു,തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനിനു റെയില്‍വേ അനുമതി നല്‍കി. കർണാടക സർക്കാരിന്റെ ആവശ്യമനുസരിച്ചാണ് ട്രെയിൻ ഓടുക എന്നാണ് അറിയുന്നത്. ബംഗലൂരു- തിരുവനന്തപുരം ട്രെയിൻ രാവിലെ 11.15 ന് പുറപ്പെടും. കണ്ണൂരിലേക്കുള്ളവർക്ക് ഷൊർണ്ണൂരിലിറങ്ങാം. ഷൊർണ്ണൂരിൽ നിന്നും കണ്ണൂരിലേക്ക് പ്രത്യേക ട്രെയിൻ ഏർപ്പെടുത്തും .
മലയാളികൾ ഓണം ആഘോഷിക്കാൻ നാട്ടിൽ വരാനുള്ള തയ്യാറെടുപ്പിലാണെന്നും അതിനാൽ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവെ മന്ത്രി സുരേഷ് പ്രഭുവിന് അയച്ച കത്തില്‍ അഭ്യർത്ഥിച്ചിരുന്നത്. ആവശ്യം അനുകൂലമായി പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പും നൽകിയിരുന്നു.
റോഡ് മാർഗമുള്ള ഗതാഗത സൗകര്യം ഒരുക്കണമെന്ന് നേരത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോടും പിണറായി അഭ്യർത്ഥിച്ചിരുന്നു.
