ലക്‌നൗ: ഇയര്‍ഫോണില്‍ പാട്ടുകേട്ട് പാളത്തിലിരുന്ന ആറ് യുവാക്കള്‍ ട്രെയിന്‍ കയറി മരണപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. സലീം, അരിഫ്, സമീര്‍, ആകാശ്, രാഹുല്‍, വിജയ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഗാസിയാബാദില്‍ നിന്നും ഹൈദരാബാദിലേക്ക് പെയിന്‍റിംഗ് ജോലികള്‍ക്കായി പോകാനിറങ്ങിയ യുവാക്കളാണ് അപകടത്തില്‍പെട്ടത്. അര്‍ധരാത്രിയോടെ ട്രെയിന്‍ നഷ്ടമായ ഇവര്‍ ഹാപൂരിലെ പിലഖുവയിലെ ട്രാക്കിലിരിക്കുകയായിരുന്നു. 

ഇയര്‍ഫോണില്‍ പാട്ടും കേട്ട് ഇരിക്കുകയായിരുന്നു ഇവരെല്ലാവരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഗാന്ധി ഗേറ്റിന് സമീപമുള്ള ട്രാക്കിലൂടെ ഇവര്‍ നടന്ന് പോകുന്നത് കണ്ടിരുന്നതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി. 

യുവാക്കളുടെ മരണത്തില്‍ പ്രകോപിതരായ ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.