28 നിലകള്‍ പെെപ്പിലൂടെ വലിഞ്ഞ് കയറി ബാന്ദ്രയിലെ വീട്ടില്‍ നിന്ന് ഡയമണ്ട് മോഷ്ടിച്ച കേസിലും  പ്രതിയാണ് ഫുലോ. ദക്ഷിണ മുംബെെയില് നാല് വീടുകളില്‍ നിന്നായി 70,00,000 രൂപയുടെ ഡയമണ്ടുകളാണ് പ്രതി മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.

മുംബെെ: കെട്ടിടങ്ങളില്‍ നിന്ന് കെട്ടിടങ്ങളിലേക്ക് പറക്കുകയും എത്ര ഉയരത്തിലുള്ള കെട്ടിടങ്ങളിലേക്കും വലിഞ്ഞ് കയറുകയും ചെയ്യുന്ന സ്പെെഡര്‍മാനെ എല്ലാവര്‍ക്കും അറിയാമെല്ലോ. അമര്‍ചിത്ര കഥകളിലൂടെയും സിനിമകളിലൂടെയുമെല്ലാം അമാനുഷിക ശക്തിയുള്ള ഈ ചിലന്തി മനുഷ്യന്‍ ജനഹൃദയങ്ങളില്‍ ഇടം നേടി.

എന്നാല്‍, മുംബെെ നഗരത്തില്‍ നിന്ന് പിടിയിലായ ഒരു മോഷ്ടാവിന് പൊലീസ് നല്‍കിയിരിക്കുന്ന വിളിപ്പേരാണ് സ്പെെഡര്‍മാന്‍. വലിയ കെട്ടിടങ്ങളുടെ മുകളിലേക്ക് പെെപ്പുകളിലൂടെ വലിഞ്ഞ് കയറി കവര്‍ച്ച നടത്തുന്നത് കൊണ്ടാണ് ഇരുപത്തിയാറുകാരനായ ഫുലോ മുഖിയെ പൊലീസ്, സ്പെെഡര്‍മാന്‍ എന്ന് വിശേഷിപ്പിച്ചത്.

28 നിലകള്‍ പെെപ്പിലൂടെ വലിഞ്ഞ് കയറി ബാന്ദ്രയിലെ വീട്ടില്‍ നിന്ന് ഡയമണ്ട് മോഷ്ടിച്ച കേസിലും പ്രതിയാണ് ഫുലോ. ദക്ഷിണ മുംബെെയില്‍ നാല് വീടുകളില്‍ നിന്നായി 70,00,000 രൂപയുടെ ഡയമണ്ടുകളാണ് പ്രതി മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.

പ്രത്വി അപ്പാര്‍ട്ട്മെന്‍റിന്‍റെ 11-ാം നിലയില്‍ നിന്ന് 1.30 ലക്ഷം വിലയുള്ള ഡയമണ്ടുകള്‍ മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ ഫുലോ പിടിയിലായത്. ഫുലോയ്‍ക്കൊപ്പം സഹോദരന്‍ ലാലുവും സഹായി സന്തോഷ് മുഖിയും അറസ്റ്റിലായിട്ടുണ്ട്.

ഫ്ലാറ്റുകളിലും അപ്പാര്‍ട്ട്മെന്‍റുകളില്‍ സഹായി എന്ന നിലയില്‍ ജോലിയില്‍ കയറിയ ശേഷം മോഷണത്തിനുള്ള അവസരം നോക്കുന്നതാണ് ഫുലോയുടെ രീതി. വജ്രവ്യാപാരികളുടെ വീടുകള്‍ പ്രത്യേകം നോക്കി വെച്ചാണ് മോഷണം നടത്തുക. ബീഹാര്‍ സ്വദേശിയായ പ്രതിയും സംഘവും മുംബെെ വിടാന്‍ പദ്ധതിയിട്ടിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്.