ഇടുക്കി: മൂന്നാറിലെ തേയിലക്കാടുകളില്‍ വിളയുന്നത് ലിറ്ററുകണക്കിന് സ്പിരിറ്റ്. ശനിയാഴ്ച മൂന്നാറിലെ തേയിലക്കാടുകളില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 1100 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. തലയാര്‍ എസ്റ്റേറ്റിലെ കടുകുമുടി ഡിവിഷനില്‍ നടത്തിയ പരിശോധനയിലാണ് 35 ലിറ്ററിന്റെ 34 കന്നാസുകള്‍ കണ്ടെടുത്തത്. തെയിലക്കാടുകള്‍ക്കിടയിലെ മണ്ണിനടിയിലും തൊട്ടടുത്തെ പൊന്തല്‍ക്കാടുകളിലുായാണ് ഇവ സൂക്ഷിച്ചിരുന്നത്. സംഭവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റിലെ മോഹന (55)നെതിരെ അധിക്യതര്‍ കേസെടുത്തു.

ക്രസ്തുമസ് അവധി പ്രമാണിച്ച് മൂന്നാര്‍ മേഖലകളില്‍ സ്പിരിറ്റ് വ്യാപകമായി ഒഴുകാന്‍ സാധ്യതയുള്ളതായി മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബു എബ്രഹാമിന് രഹസ്യവിവരം ലഭിച്ചിരുന്നു. സപെഷ്യല്‍ സംഘത്തെ നിയോഗിച്ച് കഴിഞ്ഞ ഒരുമാസമായി മൂന്നാറിലെ എസ്‌റ്റേറ്റുകളില്‍ പരിശോധനകള്‍ നടത്തിയെങ്കിലും സ്പിരിറ്റ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ശനിയാഴ്ച പുലര്‍ച്ചെ തലയാര്‍ എസ്റ്റേറ്റിലെ കടുകുമുടിയിലെ കാടുകളില്‍ നടത്തിയ പരിശോധനയില്‍ കന്നാസുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്പിരിറ്റ് കണ്ടെത്തുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് തേയിലക്കാടുകള്‍ക്കിടയില്‍ സംഘം വീണ്ടും പരിശോധന നടത്തിയാണ് മണ്ണിനടയില്‍ സൂക്ഷിച്ചിരുന്ന മറ്റുള്ളവയും കണ്ടെടുത്തത്. നിരവധി കേസുകളില്‍ പ്രതികളായവരാണ് തോട്ടം മേഖലയില്‍ സ്പിരിറ്റ് നിര്‍മ്മിക്കുന്നതെന്നാണ് വിവരം. 

മൂന്നാര്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എസ്.ബാലസുബ്രമണ്യന്‍, സിവില്‍ ഓഫീസര്‍മാരായ എ.സി നെബു, ബിജുമാത്യു, കെ.എസ്.മീരാന്‍, ജോളി ജോസഫ്, ഇടുക്കി ഇന്റലിജെന്റ് പ്രവന്റീവ് ഓഫീസര്‍മാരായ വി.പി. സുരേഷ്, കെ.എം അഷറഫ് എന്നിവര്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു.