ജയലളിത അന്തരിച്ച് ഇരുപത്തിനാല് മണിക്കൂറുകള്‍ക്കകം എഐഎഡിഎംകെയില്‍ രൂപം കാണാനാവുന്നത് സമുദായ ധ്രുവീകരണവും അഭിപ്രായഭിന്നതകളുമാണ്. 135 എംഎല്‍എമാരാണ് തമിഴ്‌നാട് നിയമസഭയില്‍ എഐഎഡിഎംകെയ്ക്കുള്ളത്. ഇതില്‍ 100 എംഎല്‍എമാരുടെയെങ്കിലും പിന്തുണയുണ്ടെന്നാണ് ശശികല പക്ഷം അവകാശപ്പെടുന്നത്. 

തേവര്‍, ഗൗണ്ടര്‍, വണ്ണിയര്‍ സമുദായാംഗങ്ങളാണ് എഐഎഡിഎംകെയുടെ പ്രധാനവോട്ട് ബാങ്കുകള്‍. ഇതില്‍ പ്രബലവിഭാഗമായ തേവര്‍ സമുദായാംഗങ്ങളാണ് ശശികലയും ഒ പനീര്‍ശെല്‍വവും. ശശികലയുടെ ഭര്‍ത്താവ് കെ നടരാജന്‍ രാഷ്ട്രീയത്തില്‍ കാലുറപ്പിച്ചുതുടങ്ങിയ സമയത്തേ പരിചയമുള്ള പനീര്‍ശെല്‍വത്തിന് മണ്ണാര്‍കുടി കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ ഒരു കാലത്ത് ജയലളിതയുടെ വിധേയനായിരുന്ന പനീര്‍ശെല്‍വത്തെ തിരക്കിട്ട് മുഖ്യമന്ത്രിയാക്കിയാല്‍ പാര്‍ട്ടിയില്‍ തനിയ്‌ക്കെതിരെ ഉയരാനിടയുള്ള കലാപങ്ങളില്ലാതാക്കാമെന്ന് ശശികല കണക്കുകൂട്ടിയെന്നാണ് മറുപക്ഷത്തെ എംഎല്‍എമാരുടെ ആരോപണം. 

എന്നാല്‍ പല സമുദായഗ്രൂപ്പുകളായി ചേരി തിരിഞ്ഞ എഐഎഡിഎംകെയില്‍ ശശികലയ്ക്കാണ് ഇപ്പോള്‍ ആധിപത്യമെന്നതാണ് വാസ്തവം.