1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ സര്‍ക്കാര്‍ തീരുമാനത്തോട് പാര്‍ലമെന്റില്‍ എങ്ങനെ പ്രതികരിക്കണം എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ 13 പ്രതിപക്ഷ പാര്‍ട്ടികളാണ് ഇന്ന് യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്. ബിഎസ് പി, എസ്പി എന്നീ പാര്‍ട്ടികള്‍ യോഗത്തിനെത്തി. എന്നാല്‍ യോജിച്ച ഒരു നിലപാടിലേക്കെത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ജനദുരിതം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കാന്‍ എല്ലാ പാര്‍ട്ടികളും തീരുമാനിച്ചു. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ചില പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തി തീരുമാനത്തിനെതിരെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചു. എന്‍ഡിഎ സര്‍ക്കാരില്‍ പങ്കാളിയായ ശിവസേനയും മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചത് ഭരണപക്ഷത്തിന് തിരിച്ചടിയായി. 

എന്നാല്‍, കോണ്‍ഗ്രസും സിപിഎമ്മും മമതയുടെ മാര്‍ച്ചില്‍ പങ്കു ചേരില്ല. നോട്ട് അസാധുവാക്കിയ തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവരാനാണ് തൃണമൂലിന്റെ തീരുമാനം എന്നാല്‍ തീരുമാനം റദ്ദാക്കാനല്ല മറിച്ച് ദുരിതം ഇല്ലാതാക്കാനുള്ള ആശ്വാസ നടപടികളാണ് ആവശ്യപ്പെടുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

തീരുമാനം വിശദീകരിക്കാന്‍ വൈകിട്ട് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. നോട്ടു പിന്‍വലിക്കാനുള്ള തീരുമാനത്തെ വീണ്ടും പ്രധാനമന്ത്രി ശക്തമായി ന്യായീകരിച്ചു. ദില്ലി നിയമസഭ പ്രത്യേക യോഗം ചേര്‍ന്ന് കേന്ദ്ര നീക്കത്തെ എതിര്‍ത്ത് പ്രമേയം പാസ്സാക്കി.