മാഴ്സലോ ടീമില്‍ തിരിച്ചെത്തി

കസാന്‍: ക്വാര്‍ട്ടറിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് മഞ്ഞപ്പടയുടെ കരുത്തന്‍ പട്ടാളം തയാര്‍. ഫാഗ്നര്‍, തിയാഗോ സില്‍വ, മിറാന്‍ഡ, മാഴ്സലോ എന്നിവരടങ്ങുന്ന ശക്തിയേറിയ പ്രതിരോധമാണ് ബെല്‍ജിയത്തിനെതിരെ ടിറ്റെ കളത്തിലിറക്കിയിരിക്കുന്നത്. ഇവരുടെ മുന്നിലായി ഫെര്‍ണാണ്ടീഞ്ഞോയും പൗളീഞ്ഞോയും അണിനിരക്കും.

വില്യനും കുടീഞ്ഞോയും നെയ്മറും അടങ്ങുന്ന മധ്യനിരയാണ് മഞ്ഞപ്പടയുടെ കരുത്ത്. ഫോമിലെത്താന്‍ ഇതുവരെ സാധിച്ചില്ലെങ്കിലും വിശ്വസ്തനായ ഗബ്രിയേല്‍ ജീസസിനെ ഒരുക്കല്‍ കൂടി വിശ്വസിച്ച് ടിറ്റെ കളത്തിലിറക്കിയിട്ടുണ്ട്. മാഴ്സലോ ഇടതു വിംഗില്‍ തിരിച്ചെത്തിയതാണ് കാനറി ആരാധകരെ ഇന്നത്തെ മത്സരത്തില്‍ സന്തോഷിപ്പിക്കുന്ന ഘടകം.

എന്നാല്‍, വലതു വിംഗില്‍ ഡാനിലോ പരിക്കേറ്റ് പിന്മാറിയതോടെ ബെല്‍ജിയത്തിന്‍റെ മുന്നേറ്റത്തെ തകര്‍ക്കാന്‍ മഞ്ഞപ്പടയ്ക്കു വിയര്‍ക്കേണ്ടി വരും. കൂടാതെ, ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കാസമിറോയുടെ അസാന്നിധ്യവും ഇന്ന് നിര്‍ണായകമാകും. 4-2-3-1 എന്ന സ്ഥിരം മോര്‍മേഷനിലാണ് ക്വാര്‍ട്ടറില്‍ ബ്രസീല്‍ ഇറങ്ങുന്നത്. പ്രീക്വാര്‍ട്ടറില്‍ നിന്ന് രണ്ടു മാറ്റങ്ങളുമായാണ് ബെല്‍ജിയം പോരിനിറങ്ങുന്നത്.

ജപ്പാനെതിരെ മിന്നും താരങ്ങളായ ഫെല്ലിനിക്കും ചാഡ്‍ലിക്കും റോബര്‍ട്ടോ മാര്‍ട്ടിനസ് ആദ്യ ഇലവനില്‍ സ്ഥാനം നല്‍കി. 3-4-3 എന്ന ആക്രമണത്തിന് കോപ്പു കൂട്ടുന്ന ശെെലിയില്‍ ബെല്‍ജിയം കളത്തിലിറങ്ങും. ബ്രസീല്‍ പ്രതിരോധത്തെ തകര്‍ക്കാന്‍ ഹസാര്‍ഡ്, ലുക്കാക്കു, ഡിബ്രുയിന്‍ എന്നീ മൂന്നു താരങ്ങളെയും മുന്നേറ്റത്തില്‍ പരീക്ഷിച്ച് രണ്ടും കല്‍പ്പിച്ചാണ് തങ്ങളെന്നുള്ള മുന്നറിയിപ്പാണ് ചുവന്ന ചെകുത്താന്മാര്‍ നല്‍കിയിരിക്കുന്നത്.