തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന പ്രശ്നത്തില്‍ നിലപാടെടുത്തതിനെ തുടര്‍ന്ന് വിവിധ പാർട്ടികളിൽ നിന്നും ബിജെപിയിലെത്തിവരുടെ നേതൃസംഗമം ഇന്ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും. വിവിധ പാർട്ടികളിൽ നിന്നും 18,600 പേർ ബിജെപിയിലെത്തിയതായി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള അറിയിച്ചു. 

കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ ചേരുന്ന നവാഗത നേതൃസംഗമം ബിജെപി അഖിലേന്ത്യ ജനറൽ സെക്രട്ടറി പി മുരളീധര റാവു ഉദ്ഘാടനം ചെയ്യും. ശബരിമല പ്രശ്നത്തിൽ ബിജെപി സംസ്ഥാന നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം തുടങ്ങിയ ശേഷം ചില ബിജപി പ്രവർത്തകർ സിപിഎമ്മിൽ ചേർന്നിരുന്നു. 

ഇതിന് ബദലായാണ് ബിജെപി യുവനേതൃസംഗമം സംഘടിപ്പിക്കുന്നത്. തലസ്ഥാനത്തെത്തുന്ന ദേശീയ നേതാക്കള്‍ നിരാഹരം സമരം നടത്തുന്ന സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെ സന്ദർശിക്കും. ശോഭാ സുരേന്ദ്രന്റെ നിരാഹാര സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. ആരോഗ്യസ്ഥിതി മോശമായ ശോഭ സുരേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റണണെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.